കൊട്ടാരക്കര: മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച നിലയില്‍ വാളകം എംഎല്‍എ ജംഗ്ഷനില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. വാളകം നെടുവം വയലില്‍ പുത്തന്‍വീട്ടില്‍ ജോണികുട്ടിയുടെ മരണം സംബന്ധിച്ചാണ് കൊലപാതകമാണെന്ന് സംശയിക്കുന്നത്. പോലീസിനും ഇതേ നിഗമനമുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള പ്രദേശവാസികളായ നാലുപേരെ റൂറല്‍ എസ്പി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്നും വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. രണ്ടു വിധത്തില്‍ മരണം സംഭവിക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിട്ടുള്ള വിശദീകരണം. ആക്രമണത്തില്‍ കൊല്ലപെടുകയോ മറിഞ്ഞുവീണ് അപകടം സംഭവിക്കുകയോ ആകാം. എന്നാല്‍ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതാണ് ദുരൂഹത ഉയര്‍ത്തുന്നത്. മൃതശരീരം പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു കണെ്ടത്തിയത്.
തലയില്‍ ആഴത്തിലുള്ള മുറിവും പറ്റിയിരുന്നു. മദ്യം ഒഴിച്ച് കത്തിക്കാനുള്ള ശ്രമമാണുണ്ടായതെന്നാണ് അനുമാനം. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കാണപ്പെട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമീപത്തെ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് നടത്തിവരുന്നുണ്ട്. കുറ്റകൃത്യമാണെങ്കില്‍ അതിനുള്ള ശാസ്ത്രീയ തെളിവുകള്‍ കണെ്ടത്താനുള്ള ശ്രമത്തിലാണ് പോലീസും.