ചിലയിടങ്ങളിലെ ജ്യൂസ് കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടാകുന്നതായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജ്യൂസ് കടകള്‍ നടത്തുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉളള സ്ഥാപനത്തിനു മാത്രമേ ജ്യൂസ് വില്‍ക്കാന്‍ അനുവാദമുളളൂ. ഇതു സംബന്ധിച്ച രേഖ സ്ഥാപനത്തില്‍ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്തു പ്രദര്‍ശിപ്പിക്കണം. ഗുണനിലവാരമില്ലാത്ത വെളളവും ഐസും കാലാവധി കഴിഞ്ഞ പാലും മറ്റും ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്ന വെളളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരമുളളതും സുരക്ഷിതവും ആയിരിക്കണം. ജ്യൂസുകളില്‍ ഉപയോഗിക്കുന്ന ഐസ് ഉള്‍പ്പെടെയുളള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉളള സ്ഥാപനത്തില്‍ നിന്നു മാത്രമേ വാങ്ങാവൂ. അവയുടെ ബില്ലുകള്‍ സൂക്ഷിക്കണം. വാങ്ങുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ നിയമാനുസരണം ലേബല്‍ ഉണ്ടായിരിക്കണം. അതു സംബന്ധിച്ച തീയതി, സാധനം വിറ്റ ആളിന്റെ/സ്ഥാപനത്തിന്റെ പേര്, അളവ്, വില എന്നിവ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം.
ശുദ്ധമായ സ്രോതസില്‍ നിന്നായിരിക്കണം ജ്യൂസ് തയാറാക്കുന്നതിനു വെളളം ശേഖരിക്കേണ്ടത്. ഇത് ആറു മാസത്തിലൊരിക്കല്‍ വകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കല്‍ ലാബുകളില്‍ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് കടയില്‍ സൂക്ഷിക്കണം. വെളളം ഉള്‍പ്പെടെ സ്ഥാപനത്തില്‍ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം കൃത്യമായ അടപ്പുളള ഫുഡ് ഗ്രേഡ് പാത്രങ്ങളില്‍ സൂക്ഷിക്കണം. ഇത് എല്ലായ്‌പ്പോഴും അടച്ചുസൂക്ഷിക്കണം.
പഴകിയതോ കേടായതോ പൂപ്പല്‍ വന്നതോ ആയ പഴങ്ങള്‍ ജ്യൂസിന് ഉപയോഗിക്കരുത്. കീടബാധയേറ്റ പഴങ്ങളും നട്‌സും ജ്യൂസില്‍ ഉപയോഗിക്കരുത്. ജ്യൂസിനായി വാങ്ങുന്ന പഴങ്ങള്‍ നന്നായി കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഐസ് സൂക്ഷിക്കുന്നതിനു തെര്‍മോകോള്‍ ഉപയോഗിക്കരുത്. ഫ്രീസറിലോ വൃത്തിയുള്ള പാത്രങ്ങളിലോ ഐസ് ബോക്‌സിലോ അടു സൂക്ഷിക്കേണ്ടതാണ്. മുറിച്ച പഴങ്ങളും ജ്യൂസും അധികനേരം ഫ്രീസറില്‍ വയ്ക്കരുത്. അവ അടപ്പുളള ഫുഡ് ഗ്രേഡ് പാത്രങ്ങളില്‍ വയ്ക്കണം. ആ ഫ്രീസറില്‍ മറ്റൊന്നും സൂക്ഷിക്കാന്‍ പാടില്ല. പാക്കറ്റ് പാല്‍ ഫ്രീസറില്‍ വച്ച് കട്ടിയാക്കി കാലാവധി കഴിഞ്ഞും ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കരുത്. വകുപ്പ് നിരോധിച്ചിട്ടുളളതും നിലവാരം കുറഞ്ഞതുമായ പാല്‍ ഉപയോഗിക്കരുത്.
ജോലിക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണം. അവര്‍ക്കു മികച്ച ശുചിത്വശീലങ്ങള്‍ ഉണ്ടായിരിക്കണം. ചര്‍മരോഗം ഉളളവരെയും പകര്‍ച്ചവ്യാധി ഉളളവരെയും ജോലിക്ക് നിര്‍ത്തരുത്. സ്ഥാപനത്തിന്റെ ഉള്‍വശവും പരിസരവും മാലിന്യങ്ങളില്ലാത്തതും വൃത്തിയുളളതും ആയിരിക്കണം. ജ്യൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പരിസരവും വൃത്തിയുളളതായിരിക്കണം. വൃത്തിയുളള കത്തി ഉപയോഗിച്ചുവേണം പഴങ്ങള്‍ മുറിക്കാന്‍. സ്ഥാപനത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അടപ്പുളള പാത്രങ്ങളില്‍ ശേഖരിച്ചുവച്ച് കൃത്യസമയത്ത് നീക്കംചെയ്യണം
മലിനജലം പരിസരമലിനീകരണമുണ്ടാകാതെ നീക്കം ചെയ്യണം. ജ്യൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന മിക്‌സി, ജ്യൂസര്‍ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. ഓരോ ഉപയോഗത്തിനുശേഷവും ബൗളും ബ്ലേഡും ഉള്‍പ്പെടെ കഴുകി വൃത്തിയാക്കേണ്ടതുമാണ്. റഫ്രിജറേറ്റര്‍, ഫ്രീസര്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. ഈ വിവരങ്ങള്‍ ഒരു ചാര്‍ട്ട് രൂപത്തില്‍ ഫ്രിഡ്ജില്‍ പ്രദര്‍ശിപ്പിക്കണം.
പല്ലി, പാറ്റ മറ്റു ക്ഷുദ്രജീവികള്‍ എന്നിവ കയറാത്തവിധം അടച്ചുറപ്പുളളതായിരിക്കണം സ്ഥാപനം. എല്ലാ ഭക്ഷ്യവസ്തുക്കളും അടച്ചുസൂക്ഷിക്കണം.
ജ്യൂസ് ഉണ്ടാക്കുന്ന സ്ഥലം സ്റ്റെയിന്‍ലെസ് സ്റ്റീല്‍, മാര്‍ബിള്‍ തുടങ്ങിയ ജലം ആഗിരണം ചെയ്യാത്ത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ചതായിരിക്കണം. വകുപ്പു പരിശോധനയില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കടപ്പാട്: ഭക്ഷ്യസുരക്ഷാ വകുപ്പ്.