സ്‌പെല്ലിംഗ് അറിയാത്ത അമേരിക്കന്‍ പ്രസിഡന്റ് ! ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ ട്രോളന്മാരുടെ ‘ ഓണര്‍ ‘!

u6ruട്വിറ്ററില്‍ സ്‌പെല്ലിങ് പിഴച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുടഞ്ഞടുക്കുകയാണ് സോഷ്യല്‍ മീഡിയ. അമേരിക്കന്‍ പ്രസിഡന്റിന് ശരിയായ സ്‌പെല്ലിങ് പോലും അറിയില്ലെന്നാണ് ട്വിറ്റര്‍ ലോകത്തിന്റെ പരിഹാസം. പ്രസിഡന്റായി ചുമതലയേറ്റതിന്റെ സന്തോഷവും അഭിമാനവും ട്വിറ്ററില്‍ പങ്കുവെച്ച ഡൊണാള്‍ഡ് ട്രംപിന് ഓണേഡ് (honerd) എന്നതിന്റെ സ്‌പെല്ലിംഗാണ് പിഴച്ചത്. അമേരിക്കന്‍ (honored), ബ്രിട്ടീഷ് (honoured) സ്‌പെല്ലിങ്ങുകളില്‍ വ്യത്യാസമുണ്ടെങ്കിലും ട്രംപിന്റെ സ്‌പെല്ലിങ്ങ് ഇത് രണ്ടുമല്ലാത്ത വേറൊന്നായിരുന്നു. ട്രംപിന്റെ honered നെ വെറുതെ വിടാന്‍ ട്വിറ്ററികള്‍ തയ്യാറുമായിരുന്നില്ല. കൊടിയ ദുംഖം, നാല് വര്‍ഷം കൂടി ഇത് സഹിക്കണമല്ലോ, എന്നായിരുന്നു ആദ്യം വന്ന കമന്റുകളില്‍ ഒന്ന്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നിരക്ഷരനായ പ്രസിഡന്റെന്ന് മറ്റൊരാള്‍.

യുഎസിനെ ആണവ നശീകരണത്തില്‍ നിന്ന് രക്ഷിക്കുക ട്രംപ് മാത്രമായിരിക്കും, കാരണം അദ്ദേഹം ആണവ ലോഞ്ച് കോഡ് തെറ്റായി മാത്രമേ ‘സ്‌പെല്ല് ചെയ്യൂ’ എന്നാണ് മറ്റൊരു ട്വീറ്റ്. ഉടനടി ട്രോളുകളെത്തിയതോടെ മിനിട്ടുകള്‍ക്കുള്ളില്‍ ട്രംപ് ട്വീറ്റ് പിന്‍വലിച്ച് സ്‌പെല്ലിങ് ശരിയാക്കി വീണ്ടും പോസ്റ്റ് ചെയ്തു. പക്ഷേ സ്‌ക്രീന്‍ ഷോട്ടുകള്‍ അപ്പോഴേക്കും ചൂടപ്പം പോലെ ട്വിറ്ററില്‍ നിരന്നിരുന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്തതൊന്നും പൊങ്കാലയില്‍ നിന്ന് ട്രംപിനെ രക്ഷിച്ചില്ല. സ്‌പെല്ലിങ് അറിയാത്തൊരു അമേരിക്കന്‍ പ്രസിഡന്റ്, അമേരിക്കയ്ക്ക് ഭാഗ്യമുണ്ടാവട്ടെ എന്നാശംസിക്കാനും ആളുകളുണ്ടായി. ഓണറില്‍ നേരത്തേയും ട്രംപ് പുലിവാലുപിടിച്ചതാണ്. അത് 2016 ഫെബ്രുവരിയിലായിരുന്നു. സ്‌പെല്ലിങിന്റെ കാര്യത്തില്‍ ഓണര്‍ ട്രംപിന് ബാലികേറാമലയാണെന്ന് തോന്നും ഈ ട്വീറ്റ് കൂടി കാണുമ്പോള്‍. യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിന് മുമ്പ് ഒരു പ്രസിഡന്റും കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധമാണ് വാഷിംഗ്ടണില്‍ കാണേണ്ടി വന്നത്. എന്നിരുന്നാലും ആരേയും വകവെയ്ക്കാതെ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിച്ച ട്രംപ് മാധ്യമങ്ങള്‍ തനിക്കെതിരായി വാര്‍ത്ത ചമയ്ക്കുകയാണെന്നാണ് ആരോപിച്ചത്.

Related posts