ഓണക്കാലത്ത് തീയറ്ററുകളില്‍ മത്സരം മുറുകിയതോടെ താരങ്ങളുടെ ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പോരാണ്. പരസ്പരം തര്‍ക്കങ്ങളില്‍ തുടങ്ങുന്ന പോര് പിന്നെ രൂക്ഷമായ തെറിവിളികളില്‍ എത്താറുണ്ട്. ഇഷ്ട നടനു വേണ്ടിയുള്ള ഇവരുടെ വാക്കുകള്‍ ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് അരോജകമാകാറുമുണ്ട്.
ഇത്തരം തെറിവിളികള്‍ രൂക്ഷമായതോടെ പൃഥ്വിരാജ് തന്റെ ആരാധകരോട് അഭ്യര്‍ഥനയുമായി രംഗത്തുവന്നു. അടുത്തകാലത്ത് സോഷ്യമീഡിയയില്‍ കണ്ടുവരുന്ന ചിലരുടെ അഭിപ്രായപ്രകടനങ്ങള്‍ സഭ്യമല്ലെന്നും ഇത്തരം വാക്കുകള്‍ ഒഴിവാക്കണമെന്നുമാണ് അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിക്കുന്നത്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്‌ടെന്നും വിമര്‍ശനം മാന്യവും കാര്യമാത്രപ്രസക്തവുമായിരിക്കണമെന്നുമാണ് പൃഥ്വി പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ആരാധകരോടുള്ള താരത്തിന്റെ അഭ്യര്‍ഥന.
പോസ്റ്റിന്റെ പൂര്‍ണരൂപം
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ക്കു ആരാധകരും വിമര്‍ശകരും ഉണ്ടാവുക സ്വാഭാവികം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ഒരു അഭിനേതാവായി ജീവിക്കുന്ന എന്നെ സ്‌നേഹിക്കുന്ന ആരാധകരും, എന്നില്‍ പോരായ്മകള്‍ കണെ്ടത്തുന്ന വിമര്‍ശകരും ഉണ്ട്, എന്ന സത്യം ഞാന്‍ സന്തോഷപൂര്‍വം തിരിച്ചറിഞ്ഞ ഒരു വസ്തുതയാണ്.
ഇന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ളത് ഇതില്‍ ആദ്യം പറഞ്ഞ കൂട്ടരോടാണ്. എന്നെയും എന്റെ സിനിമകളെയും സ്‌നേഹിച്ച്, എന്നെ ഞാന്‍ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ആരാധകരോട്. സുഹൃത്തുക്കളെ, നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി! ജീവിതത്തിന്റെ പകുതി ഇതിനോടകം സിനിമയ്ക്കു വേണ്ടി ചിലവഴിച്ചവനാണ് ഞാന്‍. ഈ യാത്രയില്‍ ഓരോ കയറ്റത്തിലും ഇറക്കത്തിലും എനിക്ക് താങ്ങായി നിന്നതു നിങ്ങളാണ്.
എന്റയോ എന്റെ സിനിമകളുടേയോ വിജയപരാജയങ്ങള്‍ മറ്റു സിനിമകളെയോ നടന്മാരെയോ ആസ്പദമാക്കി അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഈ ഇടയായി പല സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമുകളിലും കണ്ടുവരുന്ന നിങ്ങളില്‍ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങളും അതിനു ഉപയോഗിക്കുന്ന ഭാഷയും, എന്നെ വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. എന്നോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങള്‍ താഴ്ത്തി കെട്ടുമ്പോള്‍ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത് പ്രോത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണ്.
ആരെയും വിമര്‍ശിക്കാന്‍ ഉള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ വിമര്‍ശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയിലാവണം. ഇനി ഒരിക്കല്‍ പോലും, എന്റെ പേരിലോ, എനിക്ക് വേണ്ടിയോ നിങ്ങള്‍ മറ്റൊരു സിനിമയെയോ നടനെയോ അവരുടെ ആരാധകരെ കുറിച്ചോ സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിക്കരുത്. അത് എന്റെ വിശ്വാസങ്ങള്‍ക്കും ഞാന്‍ പഠിച്ച എന്റെ ശരികള്‍ക്കും എതിരാണ്. എല്ലാ നല്ല സിനിമകളും വിജയിക്കണം..എല്ലാ നല്ല നടീനടന്മാരും വളരണം. എന്നെ സ്‌നേഹിക്കുന്നുണെ്ടങ്കില്‍, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങള്‍ സ്‌നേഹിക്കണം.