നൂഡില്‍സ് സ്‌പെഷല്‍

Noodilsനൂഡില്‍സ് ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല; പ്രത്യേകിച്ച് കുട്ടികള്‍. നൂഡില്‍സ്‌കൊണ്ടു ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂഡില്‍സ് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ നൂഡില്‍സ് വേവിച്ച വെള്ളം ഊറ്റിക്കളയാന്‍ ശ്രദ്ധിക്കണം. പൈപ്പുവെള്ളത്തില്‍ കഴുകുകയും വേണം. അജിനോമോട്ടോ വല്ലപ്പോഴും ഒരിക്കല്‍ ഒരു നുള്ള് വീതം ഇത്തരം വിഭവങ്ങളില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല. എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ തയാറാക്കാവുന്ന നൂഡില്‍സ് വിഭവങ്ങള്‍ ഉണ്ടാക്കാം..

എഗ് നൂഡില്‍സ്

ചേരുവകള്‍
മുട്ട – ഒരെണ്ണം
മൈദ – ഒന്നര കപ്പ്
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
ഒരു ബൗളില്‍ ഉപ്പും മുട്ടയും എടുത്ത് നന്നായി ഇളക്കുക. ഇതില്‍ മൈദയിട്ട് നല്ല കട്ടിയായി കുഴയ്ക്കുക. ഇതു വളരെ കനംകുറച്ച് പരത്തുക. അല്‍പനേരം വച്ച് ഈര്‍പ്പം മാറ്റുക. ഇനി വീതികുറച്ച് നീളത്തില്‍ മുറിക്കുക. അല്ലെങ്കില്‍ റോള്‍ ആക്കി വീതികുറച്ച്, വട്ടത്തില്‍ മുറിക്കുക. ഈ വളയങ്ങള്‍ നിവര്‍ത്തി വെയിലത്തുണക്കി വായുകടക്കാത്ത ടിന്നിലാക്കി അടച്ചു സൂക്ഷിക്കുക.

കുറിപ്പ് : മൈദയ്ക്ക് പകരം ഗോതമ്പു ഉപയോഗിച്ചാല്‍ ആരോഗ്യപ്രദമാക്കാം.

മീറ്റ് ബോള്‍സ് വിത്ത് നൂഡില്‍സ്

ചേരുവകള്‍
ബീഫ് അരച്ചത് – 250 ഗ്രാം
വെളുത്തുള്ളി
(പൊടിയായി അരിഞ്ഞത് ) – ഒരു അല്ലി
സവാള – രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍ സ്പൂണ്‍
സോയാസോസ് – ഒരു ടേബിള്‍ സ്പൂണ്‍
റൊട്ടിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
പാഴ്‌സലി ഇല – ഒരു ടേബിള്‍ സ്പൂണ്‍
മുട്ട – ഒരെണ്ണം
എഗ്ഗ് നൂഡില്‍സ് – 150 ഗ്രാം
ഉപ്പ്, കുരുമുളക് – പാകത്തിന്
പാല്‍ – ഒരു കപ്പ്
എണ്ണ – വറുക്കാന്‍

തയാറാക്കുന്ന വിധം
നൂഡില്‍സ് വേവിക്കുക. മീതെ തണുത്ത വെള്ളം ഒഴിച്ച് അരിച്ച് വയ്ക്കുക. ഇത് വറുത്തു കോരിവയ്ക്കുക.
അവശേഷിക്കുന്ന ചേരുവകളില്‍ പാല്‍, മുട്ട അടിച്ചത് എന്നിവ ഒഴിച്ചുള്ളവ തമ്മില്‍ യോജിപ്പിച്ച് നന്നായി കുഴയ്ക്കുക. ഇത് ചെറു ഉരുളകളാക്കി മാറ്റി എണ്ണയിലിട്ട് വറുത്ത് സ്വര്‍ണനിറമാക്കി കോരുക. എണ്ണമയം മാറ്റി ഒരു പാനില്‍ ഇടുക. പാല്‍ ഒഴിച്ച് 15 മിനിറ്റ് വേവിക്കുക.
വറുത്ത നൂഡില്‍സ് ഒരു പ്ലേറ്റിലിട്ട് മീതെ വറുത്ത് പാലിലിട്ട് വേവിച്ച ഉരുളകള്‍, വിളമ്പി പാഴ്‌സലിയില ഇട്ട് അലങ്കരിച്ച് വിളമ്പുക.

നൂഡില്‍സ് സൂപ്പ്

ചേരുവകള്‍
സോയാബീന്‍ പേസ്റ്റ് – മൂന്ന് ടേബിള്‍ സ്പൂണ്‍
എഗ്ഗ് നൂഡില്‍സ് – 200 ഗ്രാം
വിനാഗിരി – 15 മില്ലി
സോയാസോസ് – 45 മില്ലി
കൂണ്‍ – 50 ഗ്രാം
കാരറ്റ് (ഒരിഞ്ച്
നീളത്തില്‍ അരിഞ്ഞത്) – ഒരെണ്ണം
സ്പ്രിംഗ് ഒനിയന്‍ (ഒരിഞ്ച് നീളത്തില്‍ ചരിച്ച് അരിഞ്ഞത്) – മൂന്നെണ്ണം
ഡ്രൈ ഷെറി – 30 മില്ലി
ആസ്പരാഗസ് (കനം
കുറച്ച് ചരിച്ചരിഞ്ഞത്) – ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് ഇടിച്ചത് – 50 ഗ്രാം
ഉപ്പ്, കുരുമുളക് – പാകത്തിന്

തയാറാക്കുന്ന വിധം
നാല് കപ്പ് വെള്ളം തിളപ്പിക്കുക. ഇതില്‍ 150 മില്ലി വെള്ളം സോയാബീന്‍ പേസ്റ്റിലേക്ക് ഒഴിക്കുക. നന്നായി അലിയും വരെ ഇളക്കുക. ഇത് മാറ്റിവയ്ക്കുക.
ഈ നേരത്ത് മറ്റൊരു വലിയ പാന്‍ എടുത്ത് അതില്‍ ഉപ്പിട്ട വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ നൂഡില്‍സ് ഇടുക. വേവിച്ച് മയമാക്കുക, വെള്ളം ഊറ്റിക്കളഞ്ഞ് മീതെ ഐസ് വാട്ടര്‍ ഒഴിക്കുക. ഈ വെള്ളവും ഊറ്റിക്കളഞ്ഞ് വയ്ക്കുക, ഡ്രൈ ഷെറി, വിനാഗിരി, സോയാസോസ് എന്നിവ തിളച്ച വെള്ളത്തില്‍ ചേര്‍ക്കുക. മൂന്ന് മിനിറ്റ് തിളപ്പിക്കുക. തീ കുറയ്ക്കുക. സോയാബീന്‍ പേസ്റ്റ് മിശ്രിതം ചേര്‍ത്ത് ഇളക്കുക. ആസ്പതഗസ്, മഷ്‌റൂം, കാരറ്റ്, സ്പ്രിംഗ് ഒനിയന്‍ എന്നിവ അരിഞ്ഞത് ചേര്‍ക്കുക. രണ്ടു മിനിറ്റ് ചെറുതീയില്‍ വയ്ക്കുക. പച്ചക്കറികള്‍ വെന്ത് മയം ആയിരിക്കണം. ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്തുവയ്ക്കുക. നൂഡില്‍സ് ചൂടോടെ ബൗളുകളിലേക്ക് വിളമ്പുക. മീതെ സൂപ്പൊഴിക്കുക. ഉണക്കമുളക് ഇടിച്ചത് ഇട്ട് ചൂടോടെ കുടിക്കാം.

ചിക്കന്‍ നൂഡില്‍സ്

ചേരുവകള്‍
കോഴിയിറച്ചി
(എല്ല് നീക്കയത്) – ആറ് ടേബിള്‍ സ്പൂണ്‍
ഇഞ്ചി (കൊത്തിയരിഞ്ഞത്) – അര ടീസ്പൂണ്‍
വെളുത്തുള്ളി – ഒരു അല്ലി
എഗ്ഗ് നൂഡില്‍സ് – 100 ഗ്രാം
ചിക്കന്‍ സ്റ്റോക്ക് – ഒരു കപ്പ്
+ നാല് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – അര ടീസ്പൂണ്‍
വെള്ളം – നാല് കപ്പ്
ഉപ്പ്, കുരുമുളക് – പാകത്തിന്
പാഴ്‌സലിയില – കുറച്ച്
എണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
നൂഡില്‍സ് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. കോഴിയിറച്ചി നീളത്തില്‍ അരിഞ്ഞ്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവയുമായി ചേര്‍ക്കുക.
മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങള്‍ ഇട്ട് ചെറുതായൊന്ന് വറക്കുക. ഒരു കപ്പ് ചിക്കന്‍ സ്റ്റോക്ക് ഒഴിക്കുക. ഇറച്ചിക്ക് മയം വരുംവരെ വേവിക്കുക. കോണ്‍ഫ്‌ളോറില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് ഇളക്കിയത് ഇതില്‍ ഒഴിച്ച് വീണ്ടും ചൂടാക്കി ചാറ് കുറുകും വരെ ഇളക്കുക. നാല് ടേബിള്‍ സ്പൂണ്‍ ചിക്കന്‍ സ്റ്റോക്ക് നൂഡില്‍സില്‍ ഒഴിച്ച് വീണ്ടും ചൂടാക്കി വിളമ്പാനുള്ള പ്ലേറ്റിലേക്ക് പകരുക. മീതെ കോഴിമിശ്രിതം വിളമ്പുക. പാഴ്‌സലിയിലയിട്ട് അലങ്കരിച്ച് ചൂടോടെ കഴിക്കുക.

ചിക്കന്‍ ചോപ്പ്‌സി

ചേരുവകള്‍
നൂഡില്‍സ് – 125 ഗ്രാം
എല്ലില്ലാത്ത കോഴിയിറച്ചി – 250 ഗ്രാം
കോണ്‍ഫ്‌ളോര്‍ – രണ്ട് ടേബിള്‍ സ്പൂണ്‍
കാബേജ്
(നീളത്തില്‍ അരിഞ്ഞത്) – അര കപ്പ്
കാരറ്റ് – അര കപ്പ്
ഫ്രഞ്ചു ബീന്‍സ് – അര കപ്പ്
ബാംബു ഷൂട്‌സ് -അര കപ്പ്
ചിക്കന്‍ സ്റ്റോക്ക് – അര കപ്പ്
സ്പ്രിംഗ് ഒനിയന്‍
(നീളത്തിലരിഞ്ഞത്) – രണെ്ടണ്ണം
ഉപ്പ്, കുരുമുളക് – പാകത്തിന്
എണ്ണ – വറുക്കാന്‍

തയാറാക്കുന്ന വിധം
നൂഡില്‍സ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വേകുമ്പോള്‍ മുകളില്‍ തണുത്ത വെള്ളം ഒഴിച്ച് അരിച്ച് എടുത്ത് ഇളം ബ്രൗണ്‍ നിറമാകും വരെ എണ്ണയില്‍ വറുത്ത് കോരുക. ഇതു വിളമ്പാനുള്ള പ്ലേറ്റില്‍ നിരത്തുക.
ഷൗമീന്‍ : രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി കോഴിക്കഷണങ്ങളിട്ട് ചെറുതായൊന്ന് വറുത്തു കോരുക. മീതെ കോണ്‍ഫ്‌ളോര്‍ വിതറുക. നന്നായിളക്കുക. വേവിച്ച് വറുത്ത നൂഡില്‍സും പച്ചക്കറികളും ഒഴിച്ചുള്ളവ വേവിക്കുക. നന്നായിളക്കി ഇറച്ചി വറുത്തത്, പച്ചക്കറികള്‍ (സ്പ്രിംഗ് ഒനിയന്‍ ഒഴിച്ച്), എന്നിവ ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്തുമയമായാല്‍ വാങ്ങുക. അത് നൂഡില്‍സിന് മീതെയായി
ഇടുക. സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞതിട്ട് അലങ്കരിച്ച് വിളമ്പാം.

ഇന്ദുനാരായണ്‍
തിരുവനന്തപുരം.

Related posts