നൃത്തത്തോടു പ്രണയവുമായി ഒരു ജീവിതം. 20 വര്‍ഷത്തിനുശേഷവും മൗഷ്മി ജേക്കബിനെ ചിലങ്കയണിക്കാന് പ്രേരിപ്പിച്ചത് ഈ പ്രണയമാണ്. കൈ പോകുന്നിടത്ത് കണ്ണും, കണ്ണ് പോകുന്നിടത്ത് മനസും, മനസ് പോകുന്നിടത്ത് ഭാവവും, ഭാവമുള്ളിടത്ത് രസവും എന്ന അഭിനയദര്‍പ്പണതത്വം വര്ണാഭിനയത്തില് പാലിക്കുന്ന നര്‍ത്തകി. തന്മയത്വത്തോടുകൂടിയ നൃത്തച്ചുവടുകള്‍. വലിയ ആസ്വാദക വൃന്ദമാണ് നൃത്തം കാണാന്‍ തൃശൂര്‍ സംഗീതനാടക അക്കാദമി ഹാള്‍ പോലുള്ള വേദികളില്‍ എത്തുന്നത്. സ്വാതിതിരുനാളിന്റെ കീര്ത്തനത്തിന് ഭരതനാട്യത്തിലൂടെ ജീവന് നല്കുന്ന നര്‍ത്തകി.
പാര്‍വതിക്കു ശിവനോടു തോന്നുന്ന പ്രണയവും അവരുടെ മാനസിക സംഘര്‍ഷങ്ങളുമാണ് ഇതിലെ പ്രമേയം. രൂപകതാളത്തില്‍ ഭൈരവി വര്‍ണത്തിലാണു നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുദ്രകളും കരണങ്ങളും പ്രകടിപ്പിക്കാനുള്ള കഴിവ്, താളത്തിനൊത്ത് നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസം, വിടര്‍ന്ന കണ്ണുകളിലെ ഉന്മേഷവും പ്രസന്നതയും, ഐശ്വര്യം തുളുമ്പുന്ന മുഖം എന്നിവ മൗഷ്മിയെന്ന നര്‍ത്തകിയെ വേറിട്ടുനിര്‍ത്തുന്നു. സൂര്യകൃഷ്ണമൂര്ത്തിയെപ്പോലുള്ള വലിയ കലാകാരന്റെ പ്രേരണയും സഹായവും നൃത്തത്തോടുള്ള ആത്മബന്ധം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയാണ്. തൊടുപുഴ കളരിക്കല്‍ ജേക്കബ് തോമസിന്റെയും സോണിയയുടെയും മകളാണ് മൗഷ്മി. കഴിഞ്ഞ പത്തുവര്‍ഷമായി തൊടുപുഴയില്‍ റോസ മിസ്റ്റിക്ക എന്ന ബ്യൂട്ടി ക്ലിനിക്ക് നടത്തിവരികയാണ് മൗഷ്മി.
ഒരു ഇടവേളയ്ക്കുശേഷമാണ് നൃത്തലോകത്തു സജീവമാകാന്‍ മൗഷ്മി ജേക്കബ് തയാറായത്. അതും ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം. തൃക്കാരിയൂര്‍ വിജയയില്നിന്നാണ് ആദ്യചുവടുകള്‍ അഭ്യസിച്ചത്. മൗഷ്മി പിന്നീടു കലാമണ്ഡലം ഗോപിനാഥന് മാസ്റ്ററുടെ ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു. സ്കൂള്‍ തലത്തിലുള്ള മല്‍സരം തൊട്ട് സംസ്ഥാനതലം വരെ നൃത്തത്തില്‍ കഴിവുതെളിയിച്ചു. ഭരതനാട്യമായിരുന്നു നൃത്തയിനങ്ങളില്‍ ഏറെയിഷ്ടം, അതിനാല്‍ ഭരതനാട്യത്തിന് അല്പം പരിഗണന കൂടുതല്‍ കൊടുത്താണ് നൃത്തപഠനം തുടങ്ങിയത്.
പിന്നീട് കുച്ചുപ്പുടിയും മോഹിനിയാട്ടവും നാടോടി നൃത്തവുമൊക്കെ പഠിച്ചു. സ്കൂള്‍ യുവജനോല്‍സവത്തിലും പങ്കെടുത്തു നിരവധി സമ്മാനങ്ങള്‍ നേടി. എറണാകുളം സെന്റ് തെരേസാസില്‍ പഠിക്കാനെത്തിയതോടെ തല്ക്കാലം നൃത്തം വേണ്ടെന്നു വച്ചു. ഇംഗ്ലീഷ് ഐച്ഛിക വിഷയമായിരുന്നു. പഠിത്തം കഴിഞ്ഞാവാം ഇനി നൃത്തമെന്ന് വന്നപ്പോള്‍ സാഹിത്യത്തോടായി കമ്പം. കീറ്റ്സും ഷെല്ലിയും ഷേക്സ്പിയറുമായി കഴിയുന്നതിനിടയില്‍ വിവാഹം.
വിവാഹത്തോടെ നൃത്തരംഗത്തോട് വിട പറഞ്ഞ മൗഷ്മി ജേക്കബ് രണ്ടു വര്‍ഷമായി വീണ്ടും നൃത്തരംഗത്ത് സജീവയാണ്. നൃത്താധ്യാപികയായ ആര്.എല്‍.വി. ലതയാണ് ഇപ്പോഴത്തെ ഗുരു. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നൃത്തച്ചുവടുകളുമായി തൃശൂര്‍ സംഗീതനാടക അക്കാദമി ഓഡിറ്റോറിയത്തിലെ സേ്റ്റജിലെത്തിയത്. ഗുരുവായൂരിലാണ് പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ആദ്യമായി നൃത്തം അവതരിപ്പിച്ചത്. പൂര്‍ണരൂപത്തിലുള്ള നൃത്തമാണ് തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ അവതരിപ്പിച്ചത്. നൃത്തത്തെ സ്നേഹിക്കുന്ന ഈ കലാകാരിയുടെ കഠിനപ്രയത്നം ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്. രാത്രി ഏഴുമുതല്‍ ഒമ്പതുവരെയാണ് ലതടീച്ചറിന്റെ മുന്നില്‍ പരിശീലനം.
ജോണ്സണ് വേങ്ങത്തടം
ഫോട്ടോ: ബിബിന്‍ സേവ്യര്‍