നെടുമങ്ങാട് : നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ ഈ സാമ്പത്തിക വര്‍ഷം തൊണ്ണൂറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ തയാറാക്കിയതായി സി.ദിവാകരന്‍ എംഎല്‍എ അറിയിച്ചു . നെടുമങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന വികസന ചര്‍ച്ചയിലാണ് ഒരു വര്‍ഷത്തെ വികസന കാര്യങ്ങള്‍ എംഎല്‍എ പങ്കുവെച്ചത് . വഴയില-പഴകുറ്റി-കച്ചേരിനട റോഡ് നാലുവരിപാതയാക്കുന്നതിന് ബജറ്റില്‍ 50 കോടി രൂപ മാറ്റിവച്ചിട്ടുണ്ട് . നാലുവരി പാതയുടെ പ്രാരംഭ സര്‍വേ നടപടികള്‍ക്ക് ടെന്‍ഡര്‍ നടത്തി കഴിഞ്ഞു.
നെടുമങ്ങാട് കോളജില്‍ മൂന്ന് പി.ജി.കോഴ്‌സുകള്‍ക്ക് അംഗീകാരം ഉടന്‍ ലഭിക്കും . സര്‍ക്കാര്‍ കോളജില്‍ ആകര്‍ഷകമായ പ്രവേശന കവാടം , പി.ജി. ബ്ലോക്ക് , ലൈബ്രറി എന്നിവ നിര്‍മിക്കാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട് .വെമ്പായം പഞ്ചായത്തിലെ സമീപ പ്രദേശങ്ങളിലേയും പാറഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട് . നെടുമങ്ങാട് -അരുവിക്കര-വെള്ളനാട് റോഡിന് പത്ത് കോടിയും , കണിയാപുരം -ചിറയിന്‍കീഴ് റോഡിന് 10 കോടിയും റവന്യൂ ടവ്വര്‍ നവീകരണത്തിന് 15 കോടിയും അനുവദിച്ചു കിട്ടിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ പത്ത് സ്കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിന് 1.11 കോടി രൂപയും , വെമ്പായം , പഴകുറ്റി, മാര്‍ക്കറ്റ് , പോത്തന്‍കോട്, എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 43 ലക്ഷം രൂപയും , മണ്ഡലത്തിലെ റോഡ് വികസനത്തിന് ഒരു കോടി രൂപയും , ആസ്തി വികസന ഫണ്ടില്‍ നിന്നും വിദ്യാലയങ്ങളുടെ നവീകരണത്തിനായി 2.38 ലക്ഷം രൂപയും , 15 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി 82.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട് .
കുന്നിന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവന്‍ വേള്‍ഡ് മാര്‍ക്കറ്റ് കെട്ടിടത്തിലേയ്ക്ക് മാറ്റാന്‍ നടപടിയെടുക്കുമെന്ന് മധ്യമ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു . ഫയര്‍ സ്റ്റേഷന്‍ വിഐപി ഗ്രൗണ്ടിലേയ്ക്ക് മാറ്റുന്നതിനും , കോടതിയുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ശ്മശാന നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുമുള്ള നടപടികള്‍ പ്രാരംഭദിശയിലാണെന്നും അദ്ദേഹം പറഞ്ഞു . പ്രസ് ക്ലബ് സെക്രട്ടറി ആര്‍.സി.ദീപു സ്വാഗതം പറഞ്ഞു . നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ , എം.സി.കെ.നായര്‍ എന്നിവരും പങ്കെടുത്തു .