നെട്ടയം രാമഭദ്രന്‍ കേസ്:അമരക്കാര്‍ അറസ്റ്റിലായത് അഞ്ചലില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായേക്കും

klm-ramabhadranആയൂര്‍: നെട്ടയം രാമഭദ്രന്‍ കേസില്‍ സിപിഎം നേതാക്കള്‍ അറസ്റ്റിലായത് അഞ്ചലില്‍ സിപിഎമ്മിന് തിരിച്ചടിയായേക്കും. സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും കാര്‍ഷികവികസന ബാങ്ക് പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ബാബുപണിക്കര്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ജില്ലാപഞ്ചായത്തു പ്രസിഡന്റുമാ യിരുന്ന എസ് ജയമോഹന്‍, മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാക്‌സന്‍, പാര്‍ട്ടി പ്രവര്‍ത്തകനായ റിയാസ്, സിപിഎം മുന്‍ ഏരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന റോയിക്കുട്ടി എന്നിവരെയാണ് സിബിഐ സംഘം കഴിഞ്ഞ രണ്ടുദിവസമായി അറസ്റ്റ് ചെയ്തത്.

ഇതില്‍ എസ് ജയമോഹനനേയും, റോയിക്കുട്ടിയേയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് സിപിഎം അഞ്ചല്‍ ഏരിയാ സെക്രട്ടറിയും മുന്‍ എംഎല്‍എ പിഎസ് സുപാലിന്റെ സഹോദരനുമായ പിഎസ് സുമന്‍ ഇപ്പോഴും ഒളിവിലാണ്.  2010 ഏപ്രില്‍ 10ന് നെട്ടയം ഗുരുമന്ദിരത്തിലെ ഉത്സവഘോഷയാത്രയോടനുബന്ധിച്ചുണ്ടായ നിസാരതര്‍ക്കമാണ് രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന നെട്ടയത്ത് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിലിറക്കുന്നതിനായി രാമഭദ്രന്‍ ഇടപെട്ടിരുന്നു.

സംഭവത്തിനുശേഷം രാത്രി പത്തോടെ വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയ ഒരുസംഘം വെട്ടുകയായിരുന്നു. ഭാര്യയുടേയും പെണ്‍മക്കളുടേയും കണ്‍മുന്നിലാണ് ദാരുണമായി സംഘം രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. എസ് ജയമോഹന്റേയും മന്ത്രി അഡ്വ. കെ രാജുവിന്റേയും വീടിന് സമീപമാണ് സംഭവം നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയെങ്കിലും കൊലപാതകം ആസൂത്രണം ചെയ്ത സിപിഎം നേതാക്കളുടെ പങ്ക് അന്വേഷണസംഘം പുറത്തുകൊണ്ടുവന്നില്ല.

തുടര്‍ന്ന് രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒന്നരവര്‍ഷം മുമ്പാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സിപിഎം ഏരൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന പത്മകുമാര്‍, നിലവിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഫ്‌സല്‍, ഒളിവില്‍ കഴിയുന്ന ഏരിയാ സെക്രട്ടറി പിഎസ് സുമന്‍, ഇളമാട് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി മുനീര്‍, പുനലൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സിയാദ് എന്നിവര്‍ക്ക് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ക്രൈബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അടുത്തിടെ സിപിഎമ്മിനുള്ളിലുണ്ടായ രഹസ്യമൊഴി വിവാദവും പാര്‍ട്ടിയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. കേസിലെ ~ഒരു പ്രതി കൂട്ടുപ്രതികളായ പ്രവര്‍ത്തകര്‍ക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയെന്നായിരുന്നു ആരോപണം.  സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി സിബിഐ അറസ്റ്റ് ചെയ്‌തെന്നുകാട്ടി വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമ്പോഴും ഇടതിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ അഞ്ചലില്‍ സിപിഎമ്മിന് തിരിച്ചടിയുണ്ടായേക്കുമോയെന്ന ആശങ്കയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.

Related posts