പകരംവീട്ടി നിഷികോരി

SP-NIKISHERIന്യൂയോര്‍ക്ക്: ഇതിനെയാണ് മധുരപ്രതികാരം എന്നു പറയുന്നത്. തെക്കേ അമേരിക്കന്‍ മണ്ണില്‍ നടന്ന ഒളിമ്പിക്‌സിന്റെ സെമിയില്‍ തന്നെ തോല്‍പ്പിച്ച താരത്തിനെതിരേ വടക്കേ അമേരിക്കന്‍ മണ്ണില്‍ വിജയം നേടുന്നതിനെ പിന്നെ എങ്ങനെ വിശേഷിപ്പിക്കണം.ഒളിമ്പിക് സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം തേടിയിറങ്ങിയ ആന്‍ഡി മുറെയ്ക്ക് പിഴച്ചപ്പോള്‍ തന്റെ ആദ്യ ഗ്രാന്‍ഡ് സ്‌ലാം എന്ന ലക്ഷ്യം കെയ് നിഷികോരിയ്ക്ക് രണ്ടു ജയം മാത്രം അകലെയായി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലാണ് ജപ്പാന്‍താരം മുറെയെ മറികടന്ന് സെമിയിലെത്തിയത് 1-6, 6-4, 4-6, 6-1, 7-5 എന്ന സ്‌കോറിനായിരുന്നു ബ്രിട്ടീഷ് താരത്തെ നിഷികോരി തകര്‍ത്തുവിട്ടത്. ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവു കൂടിയാണ് നിഷികോരി. ആദ്യ സെറ്റില്‍ മുറെയുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ നിഷികോരിക്കു പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ വര്‍ധിത വീര്യത്തോടെ കളിച്ച ജാപ്പനീസ് താരം സെറ്റ് നേടി. മൂന്നാം സെറ്റ് മുറെ നേടി. നിര്‍ണായകമായ നാലാം സെറ്റില്‍ നിഷികോരിയുടെ പോരാട്ട മികവിനു മുന്നില്‍ പതറിയ ബ്രിട്ടീഷ്താരം സെറ്റ്് നഷ്ടമാക്കി. വിജയിയെ നിര്‍ണയിക്കുന്ന അഞ്ചാം സെറ്റില്‍ ജാപ്പനീസ് താരം ബ്രിട്ടീഷ് താരത്തെ തറപറ്റിച്ചു.

ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ തകര്‍ത്ത് ലോക നാലാം നമ്പര്‍ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയും സെമിയിലെത്തിയിട്ടുണ്ട്. 7-6, 4-6, 6-3, 6-2 എന്ന സ്‌കോറിനായിരുന്നു സ്വിസ് താരത്തിന്റെ വിജയം.സെമിയില്‍ കെയ് നിഷികോരിയാണ് വാവ്‌റിങ്കയുടെ എതിരാളി. രണ്ടാം സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും ഫ്രാന്‍സിന്റെ ഗൈല്‍ മോണ്‍ഫില്‍സും തമ്മില്‍ ഏറ്റുമുട്ടും.

Related posts