പയ്യന്നൂര്‍: കോണ്‍ഗ്രസ് പയ്യന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്ത കെപിസിസി നടപടിക്കെതിരേ പയ്യന്നൂരിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഉന്നതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രഹസ്യയോഗം ചേര്‍ന്നു കെപിസിസി പ്രസിഡന്റിനെ പ്രതിഷേധമറിയിക്കുകയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ കൂട്ടരാജി ഉണ്ടാകുമെന്നും പ്രഖ്യാപിച്ചതോടയാണു പൊട്ടിത്തെറിക്കു കളമൊരുങ്ങിയത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ബന്ധുക്കളെ തിരുകി കയറ്റിയതും ലക്ഷങ്ങള്‍ കോഴവാങ്ങി ജോലികൊടുത്തതും സജീവ പ്രവര്‍ത്തകരെ തഴഞ്ഞുവെന്നും ആരോപണമുന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്.
ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കുകയും നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കു മര്‍ദനമേല്ക്കുന്ന അവസ്ഥയിലുമെത്തിയിരുന്നു. പയ്യന്നൂരിലെ കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പിലുണ്ടായ കനത്തപരാജയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തിലും പ്രശ്‌നം ചര്‍ച്ചാവിഷയമായി. ഇതിനിടയിലാണു കെപിസിസി നേതൃത്വം പയ്യന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാമന്തളിയിലെ കെ.പി. രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തതായും രാമന്തളി മണ്ഡലം പ്രസിഡന്റ് വി.വി. അബ്ദുള്‍ഗഫൂറിനെ സ്ഥാനത്തു നിന്നു മാറ്റിയതായും അറിയിച്ചത്.ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ നേതാക്കളുള്‍പ്പെടെയുള്ള എണ്‍പതോളം പ്രവര്‍ത്തകരാണു പയ്യന്നൂരില്‍ പലവട്ടമായി രഹസ്യയോഗം ചേര്‍ന്നത്.
പയ്യന്നൂര്‍ ബ്ലോക്ക് ഭാരവാഹികളും നിയോജക മണ്ഡലത്തിലെ രണ്ടു മണ്ഡലം പ്രസിഡന്റുമാരും യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും രാജേന്ദ്രന് പിന്തുണ നല്‍കുമെന്നാണ് അവകാശവാദം. രാജേന്ദ്രന് എതിരായുള്ള നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി നിര്‍വാഹകസമിതി അംഗവും ഡിസിസി സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ നടത്തുന്ന കൊള്ളരുതായ്മ ചോദ്യംചെയ്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ നേതാക്കളുള്‍പ്പെടെയുള്ള 500 ഓളം പേര്‍ കൂട്ടരാജി സമര്‍പ്പിക്കുമെന്നും ഇവര്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.
സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഡിസിസി പ്രസിഡന്റിനെ ഉപരോധിക്കുവാനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം നേതാക്കളെ അക്രമിച്ചവര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു രാജിവച്ച അഡ്വ.എം. രാമകൃഷ്ണന്‍ രാജിതീരുമാനം പുനഃപരിശോധിക്കുമെന്നു രാഷ്ട്രദീപികയോടു പറഞ്ഞു. ഇദ്ദേഹം ഉന്നയിച്ച ആവശ്യങ്ങള്‍ക്കു പരിഹാരമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലേക്കു തിരിച്ചു വരണമെന്നു ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രനും കെ. സുധാകരനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു തീരുമാനം പുനഃപരിശോധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.