പിറവം: മൂന്നാമതൊരു അങ്കത്തിലൂടെ പിറവം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് കോപ്പുകൂട്ടുമ്പോള്‍, യുവ മന്ത്രിയായി തിളങ്ങിയ യുഡിഎഫിന്റെ അനൂപ് ജേക്കബ് മണ്ഡലം നിലനിര്‍ത്താന്‍ സജീവമായി രംഗത്ത്. വേനല്‍ ചൂടിനെ വകവെയ്ക്കാതെ സ്ഥാനാര്‍ഥികള്‍ ഇരുവരും പിറവം നിയോജകമണ്ഡലത്തിന്റെ ഓരോ ജംഗ്ഷനുകളിലുമെത്തി വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും നാട്ടുകാരോടുമെല്ലാം വോട്ട് അഭ്യര്‍ഥിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിഡിജെസിലെ സി.പി. സത്യനും പ്രചാരണം വ്യാപകമാക്കുകയാണ്.
ഇരു മുന്നണികളും മണ്ഡലംതല നേതൃത്വ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്‍ഡിഎഫിന്റെ നിയോജകമണ്ഡലംതല കണ്വന്ഷന് കഴിഞ്ഞ ദിവസം പിറവത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്തിരുന്നു. യുഡിഎഫിന്റെ കണ്വന്ഷന് ഇന്ന് പിറവം പാറപ്പാലില്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഇരുമുന്നണികളും ആദ്യപടിയായി പ്രസ്താവനകള്‍ വീടുകള്‍ തോറും എത്തിച്ചു നല്കാന് തയാറെടുക്കുകയാണ്. മുന്നണികളുടെ ചുവരെഴുത്തുകള്‍ ഇനിയും തീര്‍ന്നിട്ടില്ല. യുഡിഎഫിന്റേയും, എല്‍ഡിഎഫിന്റേയും ചുവരെഴുത്തുകളും പോസ്റ്റുറുകളും സജീവമാകുമ്പോഴും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഇനിയും വൈകുകയാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപി വൈകിയതുകൊണ്ടാണ് ഇനിയും താമസിക്കുന്നത്. പക്ഷെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായ ഉടനെ തന്നെ സി.പി. സത്യന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു.
മൂന്ന് നഗരസഭകളും, ഒമ്പത് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പിറവം നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇനിയും തെരഞ്ഞെടുപ്പ് മൂഡിലേക്ക് എത്തിയിട്ടില്ലെന്ന് പറയേണ്ടിവരും. രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച തെരഞ്ഞടുപ്പ് തിയതി എന്നാണന്ന് പോലും ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും നിശ്ചയമില്ല. പാര്‍ട്ടി പ്രവര്‍ത്തകരും സജീവമാകാത്തതാണ് ഇതിനുള്ള കാരണമെന്ന് പറയുന്നു. സോഷ്യല്‍ മീഡിയകളിലൂടെ തെരഞ്ഞെടുപ്പ് രംഗം സജീവമാകുമ്പോള്‍, സാധാരണക്കാരാകട്ടെ തലയ്ക്കുമുകളില്‍ നിന്നുമുള്ള ചൂട്ടുപൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിക്കുകയാണ്. ഇതിനിടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് കേട്ടും കേള്‍ക്കാതെയും അവര്‍ പോകുന്നു.
തൃപ്പൂണിത്തറ നഗരസഭയിലുള്‍പ്പെട്ട പഴയ തിരുവാങ്കുളം പഞ്ചായത്ത് പ്രദേശം പിറവം നിയോജകമണ്ഡലത്തിലുള്‍പ്പെട്ടതാണ്. ഇതിനൊപ്പം പിറവം, കൂത്താട്ടുകുളം നഗരസഭകളും, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, മണീട്, ഇലഞ്ഞി, തിരുമാറാടി, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളും മണ്ഡലത്തിലുണ്ട്. ഇവിടെ ആകെ വോട്ടര്‍മാര്‍ 1,97,100 പേരാണുള്ളത്. ഇതില്‍ 95,529 പേര് പുരുഷന്മാരും, 1,01,571 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 850 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പിറവത്ത് നടപ്പാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വികസന രേഖ ഇക്കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് എന്‍.പി. പൗലോസ് നാട്ടുകാരനായ പാമലയില്‍ അയ്യപ്പന് നല്‍കിയാണ് പ്രകാശനം ചെയ്തത്. എല്‍ഡിഎഫ് കണ്‍വന്‍ഷനോടനുബന്ധിച്ച് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചിരുന്നു. ഭാരവാഹികളായി എം.സി. സുരേന്ദ്രന്, സി.വി. ഔസേഫ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.