പെണ്ണല്ലേ… വഞ്ചിച്ചേക്കാം! സ്ത്രീകള്‍ ഇരകളാകുന്ന വഞ്ചനാകേസുകള്‍ വര്‍ധിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍

CRYകോഴിക്കോട്: സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്ന കേസുകളുടെ എണ്ണം സംസ്ഥാനത്തു വര്‍ധിച്ചു വരുന്നതായി വനിതാ കമ്മീഷന്‍.  അഭ്യസ്തവിദ്യരും മുതിര്‍ന്നവരുമായ സ്ത്രീകള്‍വരെ വിവിധ തരത്തില്‍ വഞ്ചനയ്ക്കിരയാകുന്നു. സൈബര്‍ രംഗത്തുള്‍പ്പെടെയുള്ള വഞ്ചനയ്ക്ക് വിധേയരായതുമായി ബന്ധപ്പെട്ട കേസുകളാണ് കമ്മീഷനു മുന്നില്‍ ഏറെയുമെന്ന് വനിതാകമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ് പറഞ്ഞു.

സ്ത്രീശാക്തീകരണത്തില്‍ ഏറെ മുന്നേറിയെന്നു കരുതുമ്പോഴും ഇത്തരം കേസുകള്‍ കൂടിവരുന്നത് അദ്ഭുതപ്പെടുത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് സിറ്റിംഗ് നടത്തുകയായിരുന്നു അവര്‍. 48 വയസ്സുള്ള യുവതിയോടൊപ്പം 10 വര്‍ഷമായി താമസിക്കുന്ന യുവാവ് പണവും സ്വര്‍ണവുമായി മുങ്ങിയെന്നു കാണിച്ചു നല്‍കിയ പരാതിയായിരുന്നു കോഴിക്കോട്ട് പരിഗണിച്ച കേസുകളിലൊന്ന്. സമാനമായ മറ്റ് കേസുകളും കമ്മീഷന് ലഭിക്കുകയുണ്ടായി. വിവാഹം പോലെ നിയമ സാധുതയുള്ള കരാറുകളുടെ അഭാവത്തില്‍ ഇത്തരം സഹശയന കേസുകളില്‍ നടപടികളെടുക്കാനാവാതെ നിസ്സഹായാവസ്ഥയിലാണ് കമ്മീഷനെന്നും അവര്‍ പറഞ്ഞു.

അഞ്ചും എട്ടും മക്കളുള്ള അമ്മമാര്‍ ജീവിതത്തിന്റെ അന്തിമഘട്ടത്തില്‍ കേസുകളും പരാതികളുമായി നടക്കേണ്ടിവരുന്ന അവസ്ഥ പരിതാപകരമാണെന്നും കമ്മീഷനംഗം പറഞ്ഞു. വിവാഹമോചനക്കേസുകളിലും മറ്റും നഷ്ടപരിഹാരം വാങ്ങി രേഖാമൂലം തീര്‍പ്പാക്കിയ കേസുകളില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് വീണ്ടും കമ്മീഷനുമുമ്പാകെയെത്തുന്ന കേസുകള്‍ ഈയിടെയായി വര്‍ധിച്ചുവരുന്നതായും അത്തരം പ്രവണതകള്‍ ശരിയല്ലെന്നും നൂര്‍ബീന റഷീദ് അഭിപ്രായപ്പെട്ടു.

Related posts