കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപോലീസ് സ്റ്റേഷന് സിവില്‍ പോലീസ് ഓഫീസര്‍ എം.പി. സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.
ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണു കുടുംബം.അതേസമയം സംഭവത്തെക്കുറിച്ച് പോലീസ് അനൗദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറ്റ്യാടി ടിബി റോഡിലെ കെ.സി. ബില്‍ഡിംഗിന്റെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പാതിരപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സുധീഷിനെ കണ്ടെത്തിയത്.
സുധീഷിന്റെ മൊബൈല്‍ഫോണ്‍, സ്വര്‍ണമാല, മോതിരം എന്നിവയും കാണാതായിട്ടുണ്ട്. ഇതും സംഭവത്തിലെ ദൂരൂഹത വര്‍ധിപ്പിക്കുന്നു.സുധീഷിന് സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ നല്കുന്ന സൂചന.
സുധീഷിനെ കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ രാവിലെ 11 ഓടെയാണ് കാണാതായത്.പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് കുറ്റ്യാടി ടിബി റോഡിലെ കാര്‍ പാര്‍ക്കിംഗില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം രാത്രി സംഭവ സ്ഥലത്തുനിന്നു മാറ്റുന്നതു നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റാനായിരുന്നു ശ്രമം. എന്നാൽ നൂറോളം വരുന്ന നാട്ടുകാർ ഇത് തടയുകയായിരുന്നു. അതിനിടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും രംഗത്തെത്തുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ ഇന്ന് കുറ്റ്യാടിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും.