ശാസ്താംകോട്ട: പ്രകൃതിജീവനത്തിലൂടെയും സമൂഹത്തില്‍ അന്യംനിന്നുപോയ ജൈവകൃഷി തിരിച്ചുകൊണ്ടുവരുന്നതിലൂടെയും കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ജില്ലാ അസി.കളക്ടര്‍ ഡോ.എസ്.ചിത്ര അഭിപ്രായപ്പെട്ടു. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും ബ്ലോക്ക് പഞ്ചായത്തിന്റേയും കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണസമിതിയുടേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച- കാന്‍സര്‍ പ്രതിരോധവും, ബോധവത്ക്കരണവും -എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായായിരുന്നു അവര്‍.
മലയാളികളുടെ പുതിയ ഭക്ഷണസംസ്ക്കാരവും, ജീവിതശൈലിയുമാണ് സമൂഹത്തെ മുഴുവന്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറിന്റെ പ്രധാനകാരണം. ശരിയായ ബോധവത്ക്കരണവും, പ്രതിരോധപ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി സംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും അസി.കളക്ടര്‍ ഓര്‍മിപ്പിച്ചു. കാന്‍സറിനെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മൈനാഗപ്പള്ളി സ്വദേശി ഷാജിമോനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. നീണ്ടകര കാന്‍സര്‍കെയര്‍ യൂണിറ്റിലെ ഡോ.റിയാസ് അഹമ്മദ് സെമിനാര്‍ നയിച്ചു.
കെ.വി.രാമാനുജന്‍ തമ്പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സുമ അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ.ശോഭന, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രവീന്ദ്രന്‍, വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു, ശൂരനാട് വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.തോമസ് വൈദ്യന്‍, അക്കരയില്‍ ഹുസൈന്‍, കൃഷ്ണകുമാരി എന്നിവര്‍ പ്രസംഗിച്ചു. സംരക്ഷണസമിതി കണ്‍വീനര്‍ എല്‍.സുഗതന്‍ സ്വാഗതവും, ജി.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.