ബൈക്കിലെത്തി 17.5 ലക്ഷം കവര്‍ന്ന സംഭവം ; പ്രതികളെ കണ്ടെത്താനാവാതെ പോലീസ് വട്ടംകറങ്ങുന്നു

policeകോഴിക്കോട്: പണമിടപാട് സ്ഥാപന ജീവനക്കാര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പട്ടാപ്പകല്‍ തട്ടിയെടുത്ത് 17.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. പ്രതികള്‍ സഞ്ചരിച്ച സിസിടിവി കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടും കവര്‍ച്ച നടത്തിയവരിലേക്കെത്താന്‍ പോലീസിനായിട്ടില്ല. കവര്‍ച്ചയ്ക്ക് ശേഷം മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദ്യശ്യമാണ് പോലീസിന് ലഭിച്ചത്. എ്ന്നാല്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ വ്യക്തമാകാത്തതിനാലാണ് പോലീസ് വട്ടം കറങ്ങുന്നത്.

അതേസമയം അന്വേഷണം ഈര്‍ജിതമാണെന്നും സമാന കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കസബ സിഐ പി. പ്രമോദ് പറഞ്ഞു. മൊയ്തീന്‍ പള്ളി റോഡിലെ ഒയാസിസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സമറൂദ് എന്ന പണമിടപാട് സ്ഥാപനത്തിലേക്ക് ജീവനക്കാര്‍ കൊണ്ടുവന്ന 17.5 ലക്ഷം രൂപ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മാവൂര്‍ റോഡിന് സമീപമുള്ള ഇടവഴിയില്‍ നിന്നും തട്ടിയെടുത്തത്. കെഎല്‍ 11 എജി 4476 വെള്ള ആക്ടീവ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ കവറിലായി സൂക്ഷിച്ച പണവുമായി സ്ഥാപനത്തിലെ ജീവനക്കാരായ പ്രതാപനും കരീമും പോവുമ്പോഴാണ് മാവൂര്‍ റോഡ് കണ്ണങ്കണ്ടി ഷോറൂമിന് സമീപമുള്ള ഇടവഴിയില്‍ നിന്ന് മൂന്നംഗ സംഘം അക്രമിച്ചത്.

പള്‍സര്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ ഇടവഴിയില്‍ വച്ച് സ്കൂട്ടറിന് കുറുകെ നിര്‍ത്തുകയും രണ്ട് പേര്‍ ഇവിരെ വലിച്ചു താഴെയിടുകയുമായിരുന്നു. ആളൊഴിഞ്ഞ ഇടവഴിയില്‍ യുവാക്കളെ അക്രമിസംഘം മര്‍ദിച്ചു. ഇതിനിടെ ഒരാള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയത് രാജാജി റോഡ് ഭാഗത്തേക്ക് ഓടിച്ചു പോയി. മറ്റു രണ്ടു പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. യൂണിറ്റി സെന്റര്‍ റോഡ് വഴി മാതൃഭൂമി ബുക്‌സ്റ്റാളിന് സമീപത്തൂടെ രാജാജി റോഡിലെത്തിയ ഇവര്‍ പുതിയറ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നത്.

മൂന്നംഗ സംഘം തട്ടിയെടുത്ത പണമടങ്ങുന്ന സ്കൂട്ടര്‍ വെള്ളിയാഴ്ച്ച രാത്രി 11ഓടെ തന്നെ പുതിയറയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പള്‍സര്‍ ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യമാണ് പതിഞ്ഞിരിക്കുന്നത്. അതിനാല്‍ കവര്‍ച്ചാ സംഘത്തില്‍ നാലു പേരുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വിദേശ കറന്‍സി ഇടപാട് നടത്തുന്ന സ്ഥാപനമായ സമറൂദില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 55 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തില്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

Related posts