ബ്രൂസ്‌ലി ചായയുമായി പായിപ്പാടന്‍; കുടിക്കാന്‍ കരുവാറ്റക്കാരും; രുചി നുകരാന്‍ ദൂരെനിന്ന് പോലും ആളുകള്‍എത്താറുണ്ടെന്ന് സുരേന്ദ്രന്‍

alp-broosilyകരുവാറ്റ: ആശ്രമം പായിപ്പാടന്‍ ജംഗ്ഷനില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ നല്ല തിരക്കാണ്. ഈ തിരക്കിന്റെ കാരണം അന്വേഷിച്ചാല്‍ ആദ്യമൊന്ന് അത്ഭുതപ്പെടും. മറ്റൊന്നുമല്ല ചായ കുടിക്കുന്നതിനായെത്തുന്ന നാട്ടുകാരാണിതെല്ലാമെന്ന ഉത്തരമാണ് ചോദ്യം ചോദിക്കുന്നയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലഭിക്കുക. ഫൈ സ്റ്റാര്‍ ഹോട്ടലിലല്ല. മറിച്ച് പായിപ്പാടന്റെ നാടന്‍ ചായക്കടയിലെ ബ്രൂസ്‌ലി ചായ കുടിക്കാനാണീ തിരക്ക്. 60 കാരനായ സുരേന്ദ്രന്റെ കൈപ്പുണ്യവുമായി ചായ പ്രേമികളുടെ കൈകളിലേക്കെത്തുന്ന ബ്രൂസ്്‌ലി ചായയുടെ പേരും പെരുമയും ഇപ്പോള്‍ നാടും മറുനാടും കടന്നിരിക്കുകയാണ്.

90 വര്‍ഷം മുന്‍പ് തന്റെ പിതാവ് കുമാരന്‍ കുട്ടി പായിപ്പാട് എന്ന സ്ഥലത്തുനിന്നും കരുവാറ്റായിലെത്തി ആരംഭിച്ച കടയാണ് സുരേന്ദ്രന്‍ തുടര്‍ന്നുകൊണ്ടു പോകുന്നത്. വിവാഹം പോലും കഴിക്കാന്‍ മറന്നുപോയ ഇദ്ദേഹത്തിന്റെ സഹധര്‍മിണിയാണ് ഈ ചായക്കടയെന്ന് പറഞ്ഞാല്‍ അതിയോക്തിയല്ലെന്നാണ് കടയിലെ സ്ഥിരം ഉപഭോക്താക്കളുടെ ചിരിയുടെ അകമ്പടിയോടെയുള്ള മറുപടികള്‍. കൈ ഉയര്‍ത്തി ചായക്കപ്പില്‍ അടിച്ചു പതപ്പിക്കുന്ന ചായ ആദ്യമായി ലഭിച്ചത് നാട്ടുകാരനായ ബ്രൂസ്‌ലി ചന്ദ്രനായിരുന്നു. അങ്ങനെ ചായയ്ക്കും ബ്രൂസ്‌ലി ചായയെന്നും പേരും വന്നു.

ചിരിക്കുന്ന മുഖത്തോടെ രാവിലെ അഞ്ചു മുതല്‍ രാത്രി 10 മണി വരെ കടയിലെത്തുന്നവര്‍ക്ക് ബ്രൂസ്‌ലി ചായ ലഭിക്കുമെന്നും . സുരേന്ദ്രന്റെ സഹോദരങ്ങളും വിവിധ സ്ഥലങ്ങളില്‍ ചായക്കട നടത്തുകയാണ്. ബ്രൂസ്‌ലി ചായയെക്കുറിച്ച് കേട്ടറിഞ്ഞ് രുചി നുകരാന്‍ ദൂരെനിന്ന് പോലും എത്താറുണെ്ടന്ന് സുരേന്ദ്രന്‍ പറയുന്നു.

ഒരോ ചായ ഒഴിക്കുമ്പോഴും, അത് മറ്റുള്ളവരുടെ കൈകളിലേക്ക് നല്‍കുമ്പോഴും മനസിനു സന്തോഷം പകരുമെന്നും സുരേന്ദ്രന്റെ ഭാഷ്യം. നല്ല തേയിലയും, കവറുപാല്‍ ഒഴിവാക്കി പശുവിന്‍ പാല്‍ തന്നെ ചായ നല്‍കണമെന്നതും സുരേന്ദ്രന് നിര്‍ബന്ധമാണ്. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പായിപ്പാടുകാരന്റ ചായകുടിക്കാത്ത കരുവാറ്റാക്കാരില്ല എന്ന പഴഞ്ചൊല്ല് ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന ഉപഭോക്താക്കളുടെ കമന്റിനും നിറഞ്ഞ ചിരിമാത്രമാണ് സുരേന്ദ്രന്റെ മറുപടി  .

Related posts