മഴക്കാല രോഗങ്ങളാല്‍ ജനം വലയുമ്പോഴും ആനന്ദപുരം പിഎച്ച്‌സിക്കു ശാപമോക്ഷമില്ല

TCR-Hospitalഇരിങ്ങാലക്കുട: മഴക്കാല രോഗങ്ങളാല്‍ ജനം വലയുമ്പോഴും ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു ശാപമോക്ഷമില്ല. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രമാണു വര്‍ഷങ്ങളായി അവഗണന നേരിടുന്നത്. ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചവരെ മാത്രമാണു ഡോക്ടറുടെ സേവനം ലഭിക്കുന്നത്. മുരിയാട്, പറപ്പൂക്കര, ആളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ രോഗികളുടെ ആശ്രയകേന്ദ്രമായ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കാലങ്ങളായി അധികൃതര്‍ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

ഇരുപത്തഞ്ചു വര്‍ഷം മുന്‍പു കിടത്തിചികിത്സയും അഞ്ച് ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമായിരുന്നെന്നു പറയുന്നു. സ്വന്തമായി ഒരേക്കര്‍ സ്ഥലവും കെട്ടിടവും ഡോക്ടര്‍മാര്‍ക്കു താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് അടക്കമുള്ള സൗകര്യങ്ങളുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തെ പത്തു വര്‍ഷം മുന്‍പു സര്‍ക്കാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും കൂടുതല്‍ സൗകര്യങ്ങളോ സജ്ജീകരണങ്ങളോ ഒരുക്കാന്‍ നടപടി സ്വീകരിച്ചില്ല. ദിനംപ്രതി മൂന്നുറോളം രോഗികളെത്തുന്ന ആശുപത്രി സമീപ പ്രദേശത്തുള്ള ജനങ്ങളുടെ ഏക ആശ്രയമാണ്.

ആരോഗ്യ കേന്ദ്രത്തിനു സമീപത്ത് മറ്റ് ആശുപത്രികളില്ല. ഇവിടെ ചികിത്സ ലഭിച്ചില്ലെങ്കില്‍ പിന്നെ എട്ടു കിലോമീറ്ററോളം സഞ്ചരിച്ചുവേണം ജനങ്ങള്‍ക്ക് അടുത്തുള്ള ്‌സ്വകാര്യ ആശുപത്രിയില്‍ എത്താന്‍. ആശുപത്രിക്കു സമീപത്തു മൂന്നി വിദ്യാലയങ്ങളിലായി നാലായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്്. ഉച്ചയ്ക്കു ശേഷം വിദ്യാര്‍ഥികളില്‍ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നം ഉണ്ടായാല്‍ ഇത്രയും ദൂരം യാത്ര ചെയ്തുവേണം ആശുപത്രിയില്‍ എത്താന്‍. ആരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നതു ജനങ്ങലുടെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, ഇതിനെതിരെ മുഖം തിരിക്കുകയാണു അധികൃതര്‍ ചെ്യ്യുന്നതെന്നു യു്ത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

ഇനിയും അധികൃതര്‍ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് വിപിന്‍ വെളിയത്ത്  അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം ശ്രീജിത്ത് പട്ടത്ത്, ജസ്റ്റിന്‍ ജോര്‍ജ്, കെ. വൃന്ദകുമാരി, ജിഷ ജോബി, എബിന്‍ ജോണ്‍, എ. ലിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts