ആറ്റിങ്ങല്‍: പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് തുടര്‍ച്ചയായി വിളിച്ച് മുഖ്യമന്ത്രിയെ ആക്ഷേപിച്ചയാള്‍ അറസ്റ്റില്‍ . ആലംകോട് തൊപ്പിച്ചന്ത കോണത്ത് കിഴക്കുംകര പുത്തന്‍വീട്ടില്‍ ബാബു പിള്ള (60) ആണ് അറസ്റ്റിലായത്. കണ്‍ട്രോള്‍റൂം നമ്പറായ 100 ലേക്ക് വിളിച്ചായിരുന്നു ഇയാള്‍ അസഭ്യം പറഞ്ഞത്. മൊബൈലില്‍ നിന്ന് നിരന്തരം കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ആക്ഷേപം തുടര്‍ന്നതിനെത്തുടര്‍ന്ന് ടവര്‍ കണ്ടെത്തിയ ശേഷം ആറ്റിങ്ങല്‍ പോലീസിന് നിര്‍ദേശം നല്കി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു സമീപത്തുനിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. മദ്യപിച്ച് ബോധംകെട്ട നിലയിലായ ഇയാള്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് ഫോണില്‍ ആക്ഷേപം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മുഖ്യമന്ത്രിയെ ഫോണിലൂടെ ആക്ഷേപിച്ച കേസ്: പ്രതി അറസ്റ്റില്‍
