മുടക്ക് മുതല്‍ ലഭിച്ചു..! ടിവിയില്‍ വരുന്നത് ക്രിസ്മസിനു ശേഷം; സോഷ്യല്‍ മീഡിയ വഴി തോപ്പില്‍ ജോപ്പന്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമമെന്ന് നിര്‍മാതാവ്

joppanപാലക്കാട്: ‘തോപ്പില്‍ ജോപ്പന്‍’ സിനിമയെ തകര്‍ക്കാനുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നിര്‍മാതാക്കള്‍ എസ്പിക്കു പരാതി നല്‍കി. സിനിമയുടെ പ്രദര്‍ശനാനുമതി ക്രിസ്മസിനു ശേഷമേ സൂര്യ ടിവിക്കു നല്‍കിയിട്ടുള്ളൂവെങ്കിലും ഇതിനു മുമ്പ് മിനിസ്ക്രീനില്‍ പ്രദര്‍ശനം നടത്തുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണം സിനിമയുടെ വരുമാനം കുറയ്ക്കുന്നതിനു വേണ്ടിയാണെന്നു സംശയിക്കുന്നതായി നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രചാരണം തീയേറ്ററുകളില്‍ പോയി സിനിമ കാണുന്നതില്‍ നിന്നു സ്ത്രീകളടക്കമുള്ള പ്രേക്ഷകരെ പിന്‍തിരിപ്പിക്കും. എട്ടു കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച സിനിമയ്ക്കു നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. മുതല്‍ മുടക്ക് ലഭിച്ചതായും നൗഷാദ് അവകാശപ്പെട്ടു. സോഷ്യല്‍ മീഡിയയിലുടെ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും നിര്‍മാതാവ് അറിയിച്ചു.

Related posts