ഇങ്ങു താഴെ ലണ്ടനില്‍ മാരത്തണ്‍ നടക്കുമ്പോള്‍ നേരേ മുകളില്‍ ് മാരത്തോണ്‍ റെക്കോഡ് തിരുത്തിക്കുറിക്കുകയായിരുന്നു ബ്രിട്ടീഷ് ബഹിരാകാശ യാത്രികന്‍ ടിം പീക്ക്. അന്താരാഷ്ട്ര ബഹിരിയാകാശ നിലയത്തിലെ ട്രെഡ്മില്ലില്‍ ടിം ഓടുമ്പോള്‍ ആയിരങ്ങള്‍ താഴെ ലണ്ടന്റെ നിരത്തുകളെ ആവേശം കൊള്ളിച്ച് മത്സരത്തില്‍ പങ്കെടുത്തു.മാരത്തണ്‍ തുടങ്ങിയ അതേ സമയത്തുതന്നെയാണ് പീക്കും ഓട്ടം തുടങ്ങിയത്. ഓട്ടക്കാര്‍ റണ്ണിംഗ് ലൈനില്‍ കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്നതിന്റെ വീഡിയോ കണ്ടാണ് പീക്കും ഓട്ടത്തിനു തയ്യാറെടുത്തത്. അങ്ങനെ അവരോടൊപ്പം അവരേക്കാള്‍ 400 കിലോമീറ്റര്‍ മുകളില്‍ പീക്കും ഓട്ടം തുടങ്ങി. ശൂന്യാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ശരീരത്തില്‍ ഭാരം തൂക്കിയാണ് പീക്ക് ഓടിയത്.
ലണ്ടനെ അഭിസംബോധന ചെയ്തുകൊണ്ട് ലണ്ടന്റെ ഭൂതല ദൃശ്യം പീക്ക് ട്വീറ്റ് ചെയ്യുകയും ചെയ്തു.
മാരത്തണ്‍പൂര്‍ത്തിയാക്കിയ ഉടന്‍ ഭൂമിയിലേക്ക് സന്ദേശമയയ്ക്കുകയും ചെയ്തു.3 മണിക്കൂര്‍ 35 മിനിറ്റ് 21 സെക്കന്‍ഡ് സമയം കൊണ്ടാണ് പീക്ക് നിശ്ചിതദൂരം പിന്നിട്ടത്. 2007ലെ ബോസ്റ്റണ്‍ മാരത്തണിന്റെ സമയത്ത് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിതാവില്യംസ് കുറിച്ച റെക്കോഡാണ് പീക്ക് തിരുത്തിക്കുറിച്ചത്.അന്ന് മാരത്തണ്‍ ദൂരം താണ്ടാന്‍ 4 മണിക്കൂര്‍ 23 മിനിറ്റ് 10 സെക്കന്‍ഡ് സമയമാണ് സുനിതയ്ക്ക്ു വേണ്ടിവന്നത്.
ഇതോടെ അതിവേഗ ബഹിരാകാശ മാരത്തണിന്റെ ഗിന്നസ് റെക്കോഡും പീക്ക് കീശയിലാക്കി. പീക്ക് 42 കിലോമീറ്ററാണ് ഓടിയതെങ്കിലും ബഹിരാകാശ നിലയം ഈ സമയം കൊണ്ട് 100000 കിലോമീറ്റര്‍ സഞ്ചരിച്ചതായും ഇദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. പീക്കിന്റെ ഒപ്പം ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരാണ് ഇദ്ദേഹത്തിന് ഐപാഡിലൂടെ വിവരങ്ങള്‍ നല്‍കിയിരുന്നത്. 39,000 ആളുകളാണ് ലണ്ടന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത് മാരത്തണിന്റെ 36 വര്‍ഷത്തെ ചരിത്രത്തിലുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമാണിത്.
പുരുഷ,വനിതാ വിഭാഗങ്ങളില്‍ കെനിയന്‍ ആധിപത്യമായിരുന്നു ലണ്ടനില്‍. പുരുഷ വിഭാഗത്തില്‍ യൂലിഡ് കിപ്‌ചോഗെയും വനിതാ വിഭാഗത്തില്‍ ജെമിമാ സുംഗോങും ചാമ്പ്യന്മാരായി ഇരുവരും കെനിയക്കാരാണ്. ബ്രിട്ടനില്‍ നിന്നുള്ള ആദ്യ ബഹിരിയാകാശ സഞ്ചാരിയാണ് 44കാരനായ ടിം പീക്ക്. ആറു മാസ ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് പീക്ക് ബഹിരാകാശ നിലയത്തിലെത്തുന്നത്. ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിച്ച പീക്ക്, താന്‍ ഉറങ്ങാന്‍ പോകുകയാണെന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.