കൊല്ലം: യാത്രക്കാരുടെ തിരക്കിന് ആനുപാതികമായി റയില്‍വേ ടിക്കറ്റ് നിരക്കില്‍ യഥേഷ്ടം മാറ്റം വരുത്തുവാനുള്ള തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര റയില്‍വേ മന്ത്രിക്കും നിവേദനം നല്‍കി. റയില്‍വേ യാത്രാനിരക്ക് പരോക്ഷമായി വര്‍ധിപ്പിക്കാനുള്ള കുറുക്കുവഴിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിമാനയാത്രാ ടിക്കറ്റില്‍ ഇതേ സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണ യാത്രക്കാര്‍ക്ക് അവധിക്കാലങ്ങളില്‍ നാട്ടില്‍ വരുന്നതിനോ പോകുന്നതിനോ കഴിയാത്തവണ്ണം ഭീമമായ ടിക്കറ്റ് ചാര്‍ജാണ് കമ്പനികള്‍ ഈടാക്കുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്നത് റയില്‍വേയെയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഉണ്ടാക്കി കൊടുക്കേണ്ട ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിന്റെ സൂചനയാണ് ടിക്കറ്റ് നിരക്കിലുള്ള ഈ വര്‍ധന. തുടക്കമെന്ന നിലയില്‍ പ്രധാന ട്രയിനുകളില്‍ യഥേഷ്ടം ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന റയില്‍വേ തുടര്‍ന്ന് എല്ലാ ട്രയിനുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണിത്. യാത്രാനിരക്കിലെ വര്‍ധന കണക്കിലെടുത്ത് യാത്രക്കാര്‍ കാലേകൂട്ടി ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ നിര്‍ബന്ധിതരാകും.
ആദ്യ ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് റയില്‍വേ ഇഷ്ടാനുസരണം ചാര്‍ജ് ് വര്‍ധിപ്പിച്ചാല്‍ തുടര്‍ന്ന് റയില്‍വേ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് യാത്ര ചെയ്യാനുള്ള സാധാരണക്കാരന്റെ അവകാശം നിഷേധിക്കപ്പെടും. യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ച് സാധാരണക്കാരുടെ യാത്രാവകാശം നിഷേധിക്കുന്ന നിലപാട് നീതി നിഷേധമാണ്. രാജ്യത്തെ പ്രധാന പൊതുഗതാഗത മാധ്യമമായ റയില്‍വെയെ ചൂഷണത്തിനുള്ള ഉപാധിയായി മാറ്റുവാനുള്ള സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.