കോഴിക്കോട്: റിട്ട. പ്രധാനാധ്യാപികയുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി നടന്ന മുഖംമൂടി ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു പിന്നില്‍ അധ്യാപികയുടെ ബന്ധുവെന്നാണ് സൂചന. വെള്ളിമാട്കുന്ന് വനിതാ എന്‍ജിഒ ഹോസ്റ്റലിനു സമീപം കീരിപ്പാട് “ശ്രുതി’യില്‍ ഇ.എസ്. ഗീതയുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി ഒന്പതിനോടെയാണ് മുഖംമൂടി അക്രമണം ഉണ്ടായത്.
ഗീതയെ ലക്ഷ്യമിട്ടുവന്ന വാടകഗുണ്ട, സഹോദരന് പ്രസാദിനെ(52) ഇരുമ്പുവടികൊണ്ട്് അടിച്ചുവീഴ്ത്തുകയായിരുന്നു. കോളിംഗ്ബെല്കേട്ട് വാതില്‍ തുറന്ന ഉടനെയായിരുന്നു അക്രമണം. ഒഴിഞ്ഞുമാറിയതിനാല്‍ തലയ്ക്ക് അടിയേറ്റില്ല. വീട്ടിലുണ്ടായിരുന്ന മറ്റൊരു ബന്ധു ബഹളമുണ്ടാക്കിയതോടെ വാടകഗൂണ്ട ബൈക്കില്‍ കയറി രക്ഷപ്പെട്ടു. മാവൂര്‍ റോഡ് സൈബര്‍ നെറ്റ് കഫേ ഉടമയായ പ്രസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗീത നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ എസ്ഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനടുത്ത കുടുംബ സ്വത്ത് സംബന്ധിച്ച് ഗീതയും മറ്റൊരു സഹോദരനും തമ്മില്‍ തര്‍ക്കമുള്ളതായി പോലീസിന് വിവരം ലഭിച്ചു. അക്രമണം നടത്തിയ ഗുണ്ടയ്ക്കായി അന്വേഷണം തുടരുന്നു.