വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

KTM-ARRESTKANCHAVUകോട്ടയം: കഞ്ചാവ് വലിക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നയാള്‍ പിടിയില്‍. കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുല്‍ (19) ആണ് എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 15 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാനായി തയാറാക്കിയ ഉപകരണവും പിടികൂടി. പ്ലാസ്റ്റിക് കുപ്പിയും പപ്പായ തണ്ടും ഉപയോഗിച്ചാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ വിനോദയാത്രയ്‌ക്കെന്ന വ്യാജേന തമിഴ്‌നാട്ടില്‍ പോയി കഞ്ചാവ് വാങ്ങിക്കൊണ്ടു വന്ന് വിതരണം ചെയ്തു വരികയായിരുന്നു.

സൃഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ച് താനുണ്ടാക്കിയ ഉപകരണം ഉപയോഗിച്ച് കഞ്ചാവ് വലിപ്പിക്കുമായിരുന്നുവെന്നും എക്‌സൈസ് പറയുന്നു. എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ടീം ആണ് ഇയാളെ പിടികൂടിയത്.

ഇന്‍സ്‌പെക്ടര്‍ എസ്.ഷിജു, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഇ.വി.തോമസ്, പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ സി. ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍ പി. നായര്‍, നിഫി ജേക്കബ്, ടി.എസ്.സുരേഷ്, അരോമല്‍ മോഹന്‍, വി.കെ.മുരളീധരന്‍, ഡ്രൈവര്‍ രാജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Related posts