വിക്രാന്തില്‍ നിന്നും വീര്യത്തോടെ വി 15

v15ഇരു ചക്ര വാഹന വിപണിയില്‍ തരംഗമാകാന്‍ ബാജാജിന്റെ വി 15 വിപണിയില്‍. ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ തകരം കൊണ്ടുണ്ടാക്കിയ പെട്രോള്‍ ടാങ്കുമായാണ് വി 15 വിപണിയിലെത്തുന്നത്.

കഫെ റെയ്‌സര്‍ എന്നു പേരില്‍ സ്‌പോര്‍ട്‌സും ക്ര്യൂസും ഒത്തു ചേര്‍ന്ന മിശ്ര വിഭാഗ വാഹന ശ്രേണി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. വി എന്നു പേരിട്ടിരിക്കുന്ന വാഹന പരമ്പരയിലെ ആദ്യത്തെ അംഗമാണ് 150 സിസിയുള്ള വി 15. ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് കഫെ റെയിസര്‍ വിഭാഗത്തിന്റെ പോരായ്മയായി ഏടുത്തു പറയപ്പെടുന്നത്. എന്നാല്‍ വി 15 ല്‍ ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടാകില്ല അത്തരത്തിലാണ് രൂപ കല്പന എന്നാണ് പറയപ്പെടുന്നത്.

കാഴ്ച്ചയില്‍ പള്‍സര്‍ എഎസ് 150 നെക്കാള്‍ മികച്ചതാണ് വി 15. നിവര്‍ന്നിരിക്കാവുന്ന തരത്തിലുള്ള ഹാന്റില്‍, സിങ്കിളായും ഡബിളായും ഉപയോഗിക്കാവുന്ന തരത്തിലുള്ള സീറ്റ് എന്നിവയെല്ലാം വി 15 ന്റെ പ്രത്യേകതയാണ്. കൂടാതെ ഹെഡ് ലൈറ്റിലും പുതിയ ഡിസൈനിംഗ് കൊണ്ടു വന്നിട്ടുണ്ട്. ആകര്‍ഷകമായ ടെയില്‍ ലൈറ്റും അതിന്റെ ചുറ്റുമുള്ള ക്രോം പ്ലേറ്റിംഗും വ്യത്യസ്തത പുലര്‍ത്തുന്നു. 150 സിസിയുള്ള എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഡ്യുവല്‍ ട്വിന്‍ സ്പാര്‍ക് (ഡിടിഎസ് ഐ) പെട്രോള്‍ എഞ്ചിനാണ് കരുത്തായി വി 15 ലുള്ളത്. 12ബിഎച്ച്പിയാണ് പരമാവധി കരുത്ത.് ഇതിനോടു ഘടിപ്പിച്ചിരിക്കുന്നത് 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ്. വി 15 ന്റെ ഇലക്ട്രിക്കല്‍ കപ്പാസിറ്റി 12 ബോള്‍ട്ട് മെയിന്റനന്‍സ് ഫ്രീ ബാറ്ററിയാണ്.

മുന്നില്‍ 90/90-18 പിന്നില്‍ വീതി കൂടിയ 120/8016 ട്യൂബ് ലെസ് അലോയി വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 13 ലിറ്റര്‍ പെട്രോള്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത് ഐഎന്‍എസ് വിക്രാന്തിന്റെ മെറ്റല്‍ ബോഡി കൊണ്ടാണ്. ഐഎന്‍എസ് വിക്രാന്തിന്റെ ബാഡ്ജും വി 15 ലുണ്ട്. ടെലിസ്‌കോപിക് ഫോര്‍ക് രീതിയിലാണ് മുന്‍വശം പിന്‍വശം ട്വിന്‍ സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് രീതിയിലുമാണ. നീളം 2,044 എംഎം, വീതി 780 എംഎം, ഉയരം 1,070 എംഎം, വീല്‍ ബേസ് 1,315 എംഎം എന്നിങ്ങനെയാണു വി 15 ന്റെ അളവുകള്‍.

പുതിയ സ്പീഡോ മീറ്ററും അതോടൊപ്പം ഇന്ധനത്തിന്റെ അളവു കാണിക്കാന്‍ രണ്ടു നിറത്തിലുള്ള എല്‍ഇഡിയും പുതിയതായി വി 15 ലുണ്ട്. 240മിമി ഡിസ്ക് മുന്നിലും 130 മിമി ഡ്രം ബ്രേക്ക് പിന്നിലുമായി നല്‍കിയിരിക്കുന്നു.

ഇന്ത്യയിലെ റോഡുകളില്‍ സുഗമമായ യാത്രക്ക് സഹായിക്കുന്ന തരത്തില്‍ മുന്നില്‍ സോളിഡ് 1 ഫോര്‍ക് ഷോക്ക് അബ്‌സോര്‍ബറും പിന്നില്‍ സ്പ്രിംഗ് ഷോക്കും നല്‍കിയിരിക്കുന്നു. എബോണി ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് വി 15 വിപണിയിലെത്തിയിരിക്കുന്നത്. കേരളത്തില്‍ 64700 രൂപയാണ് വി 15 ന്റെ വില. ദേശ സ്‌നേഹത്തിന്റെ പ്രതീകമായി ഐഎന്‍എസ് വിക്രാന്ത് വി 15 ന്റെ ഭാഗമായെങ്കിലും വി 15 വിപണിയില്‍ തരംഗമായാല്‍ പെട്രോള്‍ ടാങ്കിനാവശ്യമായ വസ്തുക്കള്‍ എങ്ങനെ ലഭ്യമാകും എന്നത് പ്രശ്‌നമാണ്.

കേരളത്തില്‍ വി 15 നെ വിപണിയിലിറക്കിയത് ഐഎന്‍എസ് വിക്രാന്തിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന അഡ്മിറല്‍ കെ. മോഹനനാണ്.

Related posts