ആയൂര്‍: കൊട്ടാരക്കര-ഓയൂര്‍-പാരിപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി വേണാട് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്ന് പരാതി. ദിവസവും അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായ സര്‍വീസാണിത്. കണ്‍സന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മികച്ച കളക്ഷനുള്ള സര്‍വീസ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ലോബികള്‍ കെഎസ്ആര്‍ടിസിയെ സമീപിച്ചെങ്കിലും പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിച്ചത്.
കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ഈ റൂട്ടിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും നഷ്ടത്തിലായി. ഇതിനെ തുടര്‍ന്ന് ചില സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തുകയുമുണ്ടായി. മികച്ച കളക്ഷന്‍ ലഭിച്ചിട്ടും ഉള്ള സര്‍വീസ് താല്‍ക്കാലികമാണെന്ന മുടന്തന്‍ ന്യായം നിരത്തിയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാതെ ഒഴിഞ്ഞുമാറുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ കണ്‍സഷന്‍ ലഭിക്കാത്തതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും ഇപ്പോള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
സ്വകാര്യ ബസുകളില്‍ മിക്കപ്പോഴും വിദ്യാര്‍ഥികളെ കയറ്റാറില്ല, കയറ്റിയാല്‍തന്നെ ഇവരോട് മോശമായി പെരുമാറുന്നതും കണ്‍സണ്‍ നല്‍കാതെ പാതിവഴിയില്‍ ഇറക്കിവിടുന്നതും പതിവു സംഭവമാണ്. ഇതിനാല്‍ കെഎസ്ആര്‍ടിസിയില്‍ മുഴുവന്‍ തുകയും നല്‍കിയാണ് ഇപ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും യാത്രചെയ്യുന്നത്. കെഎസ്ആര്‍ടിയുടെ ചീഫ് ഓഫീസില്‍ നിന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് കൊട്ടാരക്കര ഡിപ്പോയില്‍ ലഭിക്കേണ്ടത്. എന്നാല്‍ സര്‍വീസ് ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ക്ക് കണ്‍സന്‍ നല്‍കണമെന്ന നിലപാട് സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷകര്‍ത്താക്കളും രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ ബസ് ലോബികളെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍വീസ് നിര്‍ത്തലാക്കുന്നതിനുള്ള രഹസ്യനീക്കമാണ് താല്‍ക്കാലിക പെര്‍മിറ്റിന്റെ പേരില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ വിദ്യാര്‍ഥികളുടെ കണ്‍സന്‍ഷന്‍ പോലും നല്‍കാത്തതെന്നാണ് ആക്ഷേപമുയരുന്നത്. കണ്‍സഷന്‍ ലഭിക്കാത്തതിനാല്‍ ദിവസവും 40 രൂപ വരെ മുടക്കിയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സ്കൂളുകളിലെത്തുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നല്‍കുന്നതിന് കെഎസ്ആര്‍ടിസി അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.