കൊല്ലം: അന്യായമായ സ്ഥലംമാറ്റത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ വില്ലേജ് ഓഫീസര്‍ പോള്‍ തോമസിന്റെ മരണത്തിന്് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഭരണ മാറ്റത്തിന്റെ പേരില്‍ രാഷ്ട്രീയ വൈരാഗ്യത്തോടെ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നത് സര്‍ക്കാരിന്റ രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യാതൊരു വിധ അഴിമതി ആരോപണങ്ങള്‍ക്കും വിധേയനാകാത്ത പോള്‍ തോമസിനെക്കുറിച്ച് മേല്‍ ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വളരെ മതിപ്പായിരുന്നു. കൊല്ലം കളക്ട്രേറ്റിലെ ജീവനക്കാരനായിരുന്ന പോള്‍ തോമസിനെ കര്‍ണ്ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്ന കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തേക്കാണ് സ്ഥലം മാറ്റിയത്. തന്നേക്കാള്‍ വളരെ ജൂനിയറായിട്ടുള്ള പലര്‍ക്കും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ സ്ഥലം മാറ്റം നല്‍കിയിട്ടും, വിരമിക്കാന്‍ ഒരു വര്‍ഷത്തിലധികം മാത്രം കാലാവധിയുള്ളപ്പോഴുണ്ടായ അന്യായമായ സ്ഥലം മാറ്റത്തില്‍ പോള്‍ തോമസ് അസ്വസ്ഥനായിരുന്നു.
കന്നടയും തുളുവും സംസാരിക്കുന്ന സ്ഥലത്ത് വില്ലേജ് ഓഫീസറായി സമരസപ്പെടുവാന്‍ കഴിയാതിരുന്നതാണ് ആത്മഹത്യ ചെയ്യാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതെന്നും കൊടിക്കുന്നില്‍ ആരോപിക്കുന്നു.പോള്‍ തോമസിന്റെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും, കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോള്‍ തോമസിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്കി.