മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡരികില്‍ ഓവുചാല്‍ നിര്‍മിച്ചത് വ്യാപാരികളെ ദുരിതത്തിലാക്കി. മട്ടന്നൂര്‍- അഞ്ചരക്കണ്ടി റോഡില്‍ വായാന്തോട്ടെ നാല് വ്യാപാരികള്‍ക്കാണു കച്ചവടം നടത്താന്‍ കഴിയാത്ത അവസ്ഥയായത്. മട്ടന്നൂര്‍- വായാന്തോട് മുതല്‍ വിമാനത്താവള കവാടമായ കാര വരെ അഞ്ചരക്കണ്ടി റോഡ് പത്തരക്കോടി രൂപ ചെലവിട്ടു വീതി കൂട്ടി നവീകരിക്കുന്നുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി വായാന്തോട് ജംഗ്ഷനില്‍ മഴവെളളം ഒഴുകാന്‍ നിര്‍മിച്ച ഓവുചാലാണു വ്യാപാരികളെ ദുരിതത്തിലാക്കിയത്.
വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിനോടു ചേര്‍ന്നാണു ഓവുചാല്‍ നിര്‍മിച്ചിരിക്കുന്നത്. ഒന്നര മീറ്ററോളം ഉയരത്തില്‍ ഓവുചാല്‍ നിര്‍മിച്ചതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ താഴ്ന്ന സ്ഥലത്തായിരിക്കുകയാണ്. എം. ജിതേഷിന്റെ സ്‌റ്റേഷനറി കട, പി.വി. കാസിമിന്റെ ഹോട്ടല്‍, പൊതാണ്ടി അജേഷിന്റെ അലൂമിനിയം ഫേബ്രിക്കേഷന്‍, കെ. രവീന്ദ്രന്റെ വര്‍ക്ക് ഷോപ്പ് എന്നീ കച്ചവട സ്ഥാപനങ്ങളാണു താഴ്ന്ന പ്രദേശത്തായിരിക്കുന്നത്. കടയ്ക്കു മുന്നില്‍ ഉയരത്തില്‍ ഓവുചാല്‍ നിര്‍മിച്ചതിനാല്‍ ജനങ്ങള്‍ക്ക് സാധനം വാങ്ങാനും മറ്റും വ്യാപാര സ്ഥാപത്തിലേക്കു വരാന്‍ കഴിയുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു.
കടയിലേക്കു കയറാനും ഇറങ്ങാനും സാധിക്കാത്ത അവസ്ഥയിലാണ്. വര്‍ക്ക് ഷോപ്പിലേക്കു വാഹനങ്ങളും കയറാന്‍ പറ്റാതെയായി. വ്യാപാരസ്ഥാപത്തോട് ചേര്‍ന്നു ഓവുചാല്‍ നിര്‍മിച്ചതിനാല്‍ ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇതിനു നടപടിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ ബന്ധപ്പെട്ടവരെ സമീപിക്കാനിരിക്കുകയാണ്.