വ്യാപാരികള്‍ വില്പന നികുതി കമ്മീഷണര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

TVM-VYAPARIതിരുവനന്തപുരം : വില്‍പന നികുതി ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി  പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അമ്പലപ്പുഴയിലെ വ്യാപാരി കഴിഞ്ഞ ദിവസം കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായികള്‍ ജില്ലയില്‍ നടത്തിയ കടയടപ്പ് സമരം പൂര്‍ണം. വ്യാപാരികള്‍ വലിയശാലയിലെ ജില്ലാ വ്യാപാര ഭവനില്‍ നിന്നും പ്രകടനമായി കിള്ളിപ്പാലത്തെ വില്‍പന നികുതി കമ്മീഷണര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വ്യാപാരിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു പെരിങ്ങമ്മല രാമചന്ദ്രന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി വൈ. വിജയന്‍ അധ്യക്ഷനായിരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡന്റ് വെള്ളറട രാജേന്ദ്രന്‍, ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റ് ജോഷി ബാസു, തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് ജില്ലാ ട്രഷററുമായ ധനീഷ് ചന്ദ്രന്‍, നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് പാലോട് കുട്ടപ്പന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts