ഒല്ലൂര്‍: ഒല്ലൂര്‍ – ആനക്കല്ല് – ചേര്‍പ്പ് മേഖലയില്‍ സമയം തെറ്റിച്ച് സ്ഥിരമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ആര്‍ടിഒ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഒല്ലൂര്‍ ദേവാലയ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ് ആര്‍ടിഒക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വര്‍ഷങ്ങളായി സമയക്രമം പാലിക്കാതെയാണ് ചേര്‍പ്പ് – ഒല്ലൂര്‍ മേഖലയിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. അവര്‍ ഓടുന്ന സമയക്രമം പാലിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അതിനു തയാറായിട്ടില്ല. ചേര്പ്പില്നിന്നും ഒല്ലൂര്‍ വഴി സര്‍വീസ് നടത്തുന്ന ബസുകള്‍ സമയം പാലിക്കാന്‍ നടപടിയെടുക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ആര്‍ടിഒ ഇതുവരെ തയാറായിട്ടില്ല.
ജില്ലാ കളക്്ടര്‍ ചെയര്‍മാനായ ആര്‍ടിഎ ബോര്‍ഡിലും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചും ചേര്‍പ്പ് മേഖലയിലെ ബസുടമകളെ അനധികൃതമായി സംരക്ഷിക്കുന്ന ആര്‍ടിഒയുടെ നടപടിക്കെതിരെ ഒല്ലൂര്‍ മേഖളാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ബസ് സര്‍വീസ് നിര്‍ത്തിവച്ച് സമരം ആരംഭിക്കുമെന്ന് ഭാരവാഹികളായ എം.ഡി. ഫ്രാന്‍സീസ്, ഷാജി കെ.മേനോന്, എം.എ. റോയ്, ജെയ്സണ്‍ കീറ്റിക്കല്‍ എന്നിവര്‍ അറിയിച്ചു.