സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങി പി.പി. മുകുന്ദന്‍

tvm-mukundanതിരുവനന്തപുരം: സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ പി.പി മുകുന്ദന്‍. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാനാണ് സമ്മര്‍ദ്ദമെന്നും പി.പി മുകുന്ദന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.  വിജയിക്കുമെന്ന് ബി.ജെപി പ്രതീക്ഷിക്കുന്ന രണ്ടു മണ്ഡലങ്ങളാണ് വട്ടിയൂര്‍ക്കാവും നേമവും. നേമത്ത് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.പി. മുകുന്ദന്റെ ബിജെപിയിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചയായിട്ട് ഏറെ നാളായിരുന്നു. ഇതിനിടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുകുന്ദന്‍ മത്സരിക്കാനൊരുങ്ങുന്നത്. തിരിച്ചുവരാനുള്ള സമ്മതം വ്യക്തമാക്കിയിട്ടും സംസ്ഥാന നേതൃത്വം തിരികെ വിളിക്കാത്തതിലുള്ള കാരണം അറിയില്ലെന്ന് മുകുന്ദന്‍ പറഞ്ഞു. മടക്കം വൈകുന്നതിലെ അതൃപ്തി തന്നെയാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നലെന്ന സൂചനയാണ് ലഭിക്കുന്നത്. ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണ മുകുന്ദന് ഈ നീക്കത്തിന് പിന്നില്‍ ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അണികളില്‍ നിന്നും തലസ്ഥാനത്തെ സുഹൃത്തുക്കളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം താന്‍ നേരിടുന്നതായും ഇവരുടെ നിര്‍ബന്ധത്തിന് താന്‍ വഴങ്ങിക്കൊടുക്കേണ്ടി വരുമെന്നും മുകുന്ദന്‍ പറഞ്ഞു. സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗപ്രവേശനം ചെയ്യാനുള്ള മുകുന്ദന്റെ നീക്കം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുന്ന പല നേതാക്കളും ഇതില്‍ നിന്ന് പിന്തിരിയണമെന്ന് വാര്‍ത്ത പുറത്തുവന്നതു മുതല്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Related posts