നമ്മുടെ നാടാ! 2000 നോട്ടിന്റെ വ്യാജന്‍ നിര്‍മിക്കുന്നതില്‍ ഒന്നാം സ്ഥാനം ഗുജറാത്തിന്; ആദ്യം ഇറങ്ങിയതും ഗുജറാത്തില്‍; ഈ വര്‍ഷം മാത്രം പിടിച്ചത് 5097 വ്യാജ നോട്ടുകള്‍

പുറത്തിറങ്ങിയ 2000 നോട്ടുകളുടെ വ്യാജന്‍ നിര്‍മിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും സ്വന്തം നാടായ ഗുജറാത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ നോട്ടുകള്‍ക്ക് വര്‍ഷം അവസാനിക്കും മുമ്പേതന്നെ ഗുജറാത്തില്‍ നിന്ന് വ്യാജനെത്തിയിരുന്നു. 1300 കള്ളനോട്ടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഗുജറാത്തില്‍നിന്ന് പിടിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം വെറും ആറ് കള്ളനോട്ടാണ് കേരളത്തില്‍നിന്ന് പിടിച്ചത്. മിസോറാമും ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. കേരളം, തെലുങ്കാന, പഞ്ചാബ്, ദില്ലി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ഗുജറാത്തില്‍നിന്ന് ഈ വര്‍ഷം പിടിച്ചത് 5097 വ്യാജ 2000 നോട്ടുകളാണ്. ആകെ 18.8 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.

2016 നവംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2000 രൂപയുടെ പുത്തന്‍നോട്ട് രാജ്യത്തെമ്പാടുമുള്ള ബാങ്കുകളില്‍ എത്തിയതിന് പിന്നാലെയാണ് ഗുജറാത്തില്‍ ഒറിജിലനിലെ വെല്ലുന്ന കിടിലന്‍ വ്യാജന്‍ പുറത്തിറങ്ങിയത്. പുതുതായി ഇറങ്ങിയ 2000 ത്തിന്റെ കള്ളനോട്ട് ആദ്യം പുറത്തിറങ്ങിയതും കണ്ടെത്തിയതും ഗുജറാത്തില്‍ നിന്നായിരുന്നു. ഗുജറാത്തിലെ ഒരു പാന്‍ ഷോപ്പ് ഉടമയ്ക്കാണ് ആദ്യം വ്യാജ നോട്ട് ലഭിച്ചത്. പുതിയ നോട്ടിന് പിന്നാലെ ഇന്ത്യയില്‍ പുറത്തിറങ്ങിയ മറ്റ് വ്യാജ നോട്ടുകളെല്ലാം 2000 ത്തിന്റെ ഫോട്ട്സ്റ്റാറ്റ് കോപ്പിയായിരുന്നു. എന്നാല്‍ ഗുജറാത്തിലെ കടയില്‍ ലഭിച്ച 2000 ത്തിന്റെ നോട്ടില്‍ വ്യാജ സെക്യൂരിറ്റി ത്രഡ്ഡും ദേശീയ ചിഹ്നത്തിന് താഴെയായി വാട്ടര്‍മാര്‍ക്കും കൊടുത്തിരുന്നു.

Related posts