ഘോഷയാത്രയുടെ പേരില്‍ 70 വയസ്സുള്ള ആനയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത ! സംഭവം ലോകമറിഞ്ഞതിന്റെ പിറ്റേന്ന് ടിക്കിരി ചെരിഞ്ഞു

കഴിഞ്ഞ ഒരാഴ്ചയായി മൃഗസ്‌നേഹികളുടെയെല്ലാം കണ്ണും കാതും ശബ്ദവുമെല്ലാം 70 വയസ് പ്രായമുള്ള ടിക്കിരി എന്ന ആനയ്ക്ക് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചത്. പ്രായാധിക്യവും അനാരോഗ്യവും കാരണം ക്ലേശിക്കുന്ന ടിക്കിരി എന്ന പിടിയാനയുടെ ദുരവസ്ഥ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് ലോക ശ്രദ്ധയിലെത്തിയത്. എന്നാല്‍ മൃഗസ്നേഹികള്‍ തനിക്ക് വേണ്ടി തേങ്ങുന്നതറിയാതെ വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറഞ്ഞു.

ദിവസങ്ങളോളം നീളുന്ന ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് പത്ത് ദിവസത്തെ, മണിക്കൂറുകളോളം തുടരുന്ന ആനകളുടെ ഘോഷയാത്ര. സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്ക് വെച്ചതോടെയാണ് ടിക്കിരിയുടെ അവസ്ഥ ലോകത്തിന്റെ മുമ്പിലെത്തിയത്. ഭക്ഷണം കഴിക്കാനാവാതെ അസ്ഥികൂടം പുറത്ത് കാണുന്ന വിധത്തിലായിരുന്ന ആന. അതിശക്തമായ ലൈറ്റുകളും ബഹളവും കരിമരുന്നിന്റെ പുകയും ഈ ആനയ്ക്ക് വളരെ അസ്വസ്ഥതയുളവാക്കുന്നുവെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധിയാളുകള്‍ ടിക്കിരിയ്ക്ക് വേണ്ടി രംഗത്തെത്തി. പോസ്റ്റിന്റെ ഷെയറുകള്‍ കൂടിയതോടെ ലോകത്തെല്ലായിടത്തും ആനയുടെ വാര്‍ത്തയെത്തി. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ചത്തെ അവസാനഘോഷയാത്രയില്‍ നിന്ന് ടിക്കിരിയെ ഒഴിവാക്കിയിരുന്നു. വ്യാഴാഴ്ച ടിക്കിരിയുടെ അവസാനത്തെ ചിത്രം പോസ്റ്റ് ചെയ്ത് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ കുറിച്ചത് ഈ ആനയുടെ കിടപ്പ് കണ്ടെങ്കിലും മൃഗങ്ങളെ ഉപദ്രവിക്കുന്നതില്‍ നിന്ന് മനുഷ്യര്‍ പിന്തിരിയട്ടെ എന്നാണ്.

ആഘോഷപരിപാടികള്‍ക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും പോസ്റ്റിലുണ്ട്. അനാരോഗ്യമുള്ള ആനയെ ഉത്സവത്തിനെഴുന്നള്ളിച്ചതിനെ കുറിച്ചന്വേഷിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിട്ടിട്ടുണ്ട്. ദീര്‍ഘനേരമുള്ള ഘോഷയാത്രയ്ക്ക് ടിക്കിരിയെ പങ്കെടുപ്പിച്ചതിനെ കുറിച്ചന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വന്യജീവി അധികൃതര്‍ക്ക് ടൂറിസം-വനംവകുപ്പ് മന്ത്രി ജോണ്‍ അമാരതുംഗെ ആവശ്യപ്പെട്ടു.

Related posts