ഗാന്ധിനഗർ: കളഞ്ഞുകിട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽനിന്നും കണ്ടെടുത്ത പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി സുരക്ഷാ ജീവനക്കാർ വീണ്ടും മാതൃകയായി. കോട്ടയം മെഡിക്കൽ കോളജിലെ സീനിയർ സുരക്ഷാ ഉദ്യോഗസ്ഥൻ കെ.സി. ബേബി, ഷാജിമോൻ എന്നിവരാണു പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകിയത്. ഇന്നലെ രാത്രി ഒന്പതിനു മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപമായിരിന്നു സംഭവം.
രാത്രികാല ഡൂട്ടിക്കായി സുരക്ഷാ ഉദ്യോഗസ്ഥരായ ഇവർ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട്, മൂന്ന് വാർഡുകളുടെ (പ്രധാന പ്രവേശന കവാടം) പ്രവേശനകവാടത്തിനു മുൻവശം തറയിൽ ഒരു പ്ലാസ്റ്റിക് കൂട് കിടക്കുന്നത് കണ്ടു. ആദ്യം കാലുകൊണ്ടു തട്ടിമാറ്റി. മാറ്റിയപ്പോൾ കനമുള്ളതായി തോന്നി. എടുത്തു ആദ്യ പരിശോധനയിൽ ആശുപത്രി രേഖകൾ കണ്ടു. തുടർന്നു വിശദമായി നോക്കിയപ്പോഴാണ് ഒരു പഴ്സ്് ശ്രദ്ധയിൽപ്പെട്ടത്.
പേഴ്സ് പരിശോധിച്ചപ്പോൾ 12610 രൂപയും ഒരു മൊബൈൽ നന്പരും ലഭിച്ചു. തുടർന്ന് സുരക്ഷാ വിഭാഗം ഓഫീസിലെത്തി പണവും ആശുപത്രി രേഖകളും സുരക്ഷാ വിഭാഗം ഓഫീസിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം പഴ്സിൽനിന്നും ലഭിച്ച മൊബൈൽ നന്പരിൽ വിളിച്ചു. കോട്ടയം കാഞ്ഞിരം പരുവാക്കുളത്തിൽ ഡാനി പി. ബിജുവിന്റേതാണ് നഷ്ടപ്പെട്ട പ്ലാസ്റ്റിക് കൂടെന്നും അതിൽ പണവും മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ രേഖകളുമാണെന്നറിഞ്ഞത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഡാനിയുടെ പിതാവ് തന്പിയെ രോഗത്തിനു കുറവ് വന്നതുമൂലം ജില്ലാ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കു മെഡിക്കൽ കോളജ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഇന്നലെ സന്ധ്യയോടെ ജില്ലാ ആശുപത്രിയിലെത്തി ആശുപത്രിയിൽ അഡ്മിറ്റാകുവാൻ നോക്കിയപ്പോഴാണ് പണവും ആശുപത്രി രേഖകളും അടങ്ങിയ പ്ലാസ്റ്റിക് കവർ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പലസ്ഥലത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെയിരിക്കുന്പോഴാണ് പണവും ആശുപത്രി രേഖകളും ലഭിച്ച വിവരവുമായി മെഡിക്കൽ കോളജിൽനിന്നും ഫോണ് കോൾ വന്നത്. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രി സുരക്ഷാ വിഭാഗം ഓഫീസിലെത്തി നഷ്ടപ്പെട്ട പണവും രേഖകളും കൈപ്പറ്റിയശേഷം നഷ്ടപ്പെട്ട പണം തിരികെ ഏല്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നന്ദി രേഖപ്പെടുത്തകയും ചെയ്തു.