നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവച്ചെന്ന് റിപ്പോര്‍ട്ട്! അതിന് മുമ്പ് നികുതി അടക്കാത്തവര്‍ 8.56 ലക്ഷം പേര്‍ മാത്രം; പ്രധാന കാരണം നോട്ടുനിരോധനത്തിന് ശേഷമുണ്ടായ തൊഴില്‍ നഷ്ടം

അഴിമതി തുടച്ചു മാറ്റുന്നതിനും കള്ളപ്പണക്കാരെ കുടുക്കുന്നതിനും നികുതി വെട്ടിപ്പുകാരെ അതില്‍ നിന്ന് തടയുന്നതിനും എന്ന പേരിലാണ് 2016 നവംബര്‍ എട്ടിന് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിച്ചത്.

എന്നാല്‍ നാളുകള്‍ കഴിഞ്ഞ്, നിരോധിച്ച നോട്ടുകളുടെ അതേ മൂല്യത്തില്‍ നോട്ടുകള്‍ തിരിച്ചെത്തിയത് കേന്ദ്രത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കൂടി പുറത്തെത്തിയിരിക്കുന്നു.

നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇതിനു വിരുദ്ധമായുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

നോട്ട് നിരോധനം പ്രഖ്യാപിച്ച 2016ല്‍ ഏകദേശം 88 ലക്ഷം ആളുകള്‍ നികുതി അടക്കുന്നത് നിര്‍ത്തിയെന്ന കണക്കുകളാണ് പുറത്ത് വന്നത്. മുമ്പ് റിട്ടേണ്‍ നല്‍കിയവരില്‍ 88 ലക്ഷം പേര്‍ 2016ല്‍ റിട്ടേണ്‍ നല്‍കിയില്ലെന്നാണ് ഇന്ത്യന്‍ എകസ്പ്രസ് പുറത്ത് വിട്ട കണക്കുകളിലുള്ളത്.

2015-16ല്‍ നികുതി അടക്കാത്തവര്‍ 8.56 ലക്ഷം മാത്രമായിരുന്നു. 2013 മുതല്‍ നികുതി റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ല്‍ മാത്രമാണ് ഇതില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.

നോട്ട് നിരോധനം കാരണം സമ്പദ്വ്യവസ്ഥയിലുണ്ടായ തകര്‍ച്ച മൂലം പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു. ഇത് മൂലം ചിലരെങ്കിലും റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയെന്ന വിലയിരുത്തലുകളുണ്ട്.

അതേസമയം, വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ പ്രത്യക്ഷ നികുതി വകുപ്പ് തയ്യാറായിട്ടില്ല.
നോട്ടു നിരോധനത്തിന്റെ പരിണിതഫലമായി സേവനമേഖലയിലെ ലാഭത്തില്‍ 114.5 ശതമാനം നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

2016-2017 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളിലെ കമ്പനികളില്‍ നിന്ന് ശേഖരിച്ച് വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. 500 മില്ല്യണില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കമ്പനികളെയാണ് നഷ്ടം കൂടുതല്‍ ബാധിച്ചത്.

നോട്ടു നിരോധനത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല്‍പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്.

Related posts