സ്വകാര്യ ചാനലിലെ പരിപാടിക്കിടയില്‍ സ്ഥാനാര്‍ഥികള്‍ക്ക് പരിക്കേറ്റസംഭവം :വധശ്രമത്തിന് കേസ്

chചവറ: സ്വകാര്യ ചാനലിലെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിക്കിടയില്‍ നടന്ന വാക്കേറ്റത്തിലും കല്ലേറിലും ചവറയിലെ സ്ഥാനാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കണ്ടലാറിയാവുന്ന ഇരുപാര്ട്ടികളില്‍പ്പെട്ട ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തു.  വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. യുഡി എഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. വിജയന്‍പിള്ള എന്നിവര്‍ക്കാണ് പരിക്ക്.

ഇന്നലെ വൈകുന്നേരം 4.30 ന് ചവറ ശങ്കരമംഗലത്ത് ദേശീയപാതയോരത്ത് വച്ച് നടത്തിയ പരിപാടിയിലായിരുന്നു സംഘര്‍ഷം. പരിപാടി തുടങ്ങി നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സംഘര്‍ഷം തുടങ്ങി. ചാനല്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക്   സ്ഥാനാര്‍ഥികള്‍ മറുപടി പറയുന്നതിനിടയില്‍  പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചിലപ്രവര്‍ത്തകര്‍ വാക്കേറ്റം തുടങ്ങുകയും പരസ്പരം ചേരി തിരിഞ്ഞ് കല്ല്, കസേര എന്നിവ എടുത്ത് എറിയുകയും ചെയ്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഇതിനിടെ ഡയസില്‍ നില്‍ക്കുകയായിരുന്ന ഷിബു ബേബി ജോണിന്  വലത് കൈയ്ക്ക് കല്ലേറില്‍ പരിക്കേറ്റു. ഉടന്‍ തന്നെ പരിക്കേറ്റ ഷിബു ബേബി ജോണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കാലിന് പരിക്കേറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. വിജയന്‍പിളള കരുനാഗപ്പളളി താലൂക്ക്  ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടയില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും, വഴി യാത്രക്കാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. കുടിവെളള പ്രശ്‌നവുമായി ബന്ധപ്പെട്ട ചോദ്യത്തിനിടയിലാണ്  കയ്യാങ്കളി ഉണ്ടായത്. സംഭവ സ്ഥലത്തുളള പോലീസ്  അണികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചങ്കിലും സാധിച്ചില്ല. തുടര്‍ന്ന്  കൂടുതല്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Related posts