കോതമംഗലം: തോരാതെ പെയ്യുന്ന മഴ വോട്ടിംഗ് മന്ദഗതിയിലാക്കിയെങ്കിലും ആവേശം ചോരാതെ മുന്നണി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ നീക്കം ഊര്‍ജിതമാക്കി. രാത്രി മുതല്‍ കനത്തതല്ലെങ്കിലും തോരാതെ പെയ്ത മഴ പോളിംഗ് ബൂത്തിലേക്കുള്ള വോട്ടര്‍മാരുടെ പ്രവാഹം കുറച്ചു. വോട്ടിംഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.6 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തില്‍ 136 ബൂത്തുകളാണുള്ളത്. അവയില്‍ പലതിലും വോട്ടര്‍മാരുടെ എണ്ണം വിരളമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ വീടിനു സമീപത്തുള്ള കോഴിപ്പിള്ളി ഗവ.എല്‍.പി സ്കൂളില്‍ സജീകരിച്ചിരുന്ന 101, 102 നമ്പര്‍ ബൂത്തുകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
തലക്കോട് ഗവ.യു.പി സ്കൂള്‍, പൈമറ്റം സ്കൂള്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരുന്ന ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. മഴ മൂലം വോട്ടര്‍മാരുടെ വരവ് മന്ദഗതിയിലാക്കിയത് മൂന്ന് മുന്നണി പ്രവര്‍ത്തകരിലും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ വോട്ടര്‍മാരെ വീടുകളില്‍നിന്ന് ബൂത്തുകളിലെത്തിക്കാന്‍ മുന്നണി പ്രവര്‍ത്തകര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
വാരപ്പെട്ടി പഞ്ചായത്തിലെ 102, 104 ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തുടക്കത്തില്‍ പണിമുടക്കിയെങ്കിലും ഉടന്‍ തന്നെ യന്ത്രം മാറ്റി സ്ഥാപിച്ച് വോട്ടിംഗ് സുഗമമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി ടി.യു.കുരുവിള ചേലാട് ബസനിയ സ്കൂളിലെ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി സ്കൂളിലെ ബൂത്തിലും രാവിലെ 7.15 ഓടെ വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.സിറിയക് എറണാകുളം മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി. കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ രാവിലെ 7.30-ന് കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
നിയോജകമണ്ഡലത്തില്‍ വോട്ടിംഗ് ശാന്തമാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രശ്‌നബാധിത ബൂത്തുകളും ദുര്‍ഘട ബൂത്തുകളും പോലീസ് നിരീക്ഷണ ക്യാമറയും വയര്‍ലെസ് സംവിധാനങ്ങളുമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 120 സായുധ പോലീസിനെയും വിന്യസിപ്പിച്ചിട്ടുണ്ട്.