ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള കാരണങ്ങൾ നിരത്തി രാഹുൽ ഗാന്ധി. ട്വിറ്ററിൽ പങ്കുവച്ച കത്തിലാണ് രാഹുൽ തന്റെ രാജി കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിനു മറ്റുള്ളവരെ ഉത്തരവാദികളാക്കിയാൽ അത് അനീതിയാണ്, തന്റെ ഉത്തരവാദിത്തത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ശരീരത്തിൽ ജീവനുള്ള ഓരോ കോശങ്ങളും ബിജെപിയുടെ ആശയത്തെ പ്രതിരോധിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു നിരവധി പേർ കാരണക്കാരാണ്. പാർട്ടിയുടെ പുനർനിർമാണത്തിന് കടുത്ത തീരുമാനങ്ങൾ ആവശ്യമാണെന്നും രാഹുൽ സൂചിപ്പിച്ചു. കോൺഗ്രസ് പാർട്ടിക്ക് ദീർഘ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇതിലാണ് ഇന്ത്യയെ നെയ്തെടുത്തത്. ആരാണ് തങ്ങളെ നയിക്കുന്നത് എന്നത് സംബന്ധിച്ച് പാർട്ടി മികച്ച തീരുമാനമെടുക്കുമെന്ന് താൻ വിശ്വസിക്കുന്നതായും രാഹുൽ കത്തിൽ പറഞ്ഞു.
ഇന്ത്യ കെട്ടിപ്പെടുത്ത ആശയങ്ങൾ സംരക്ഷിക്കാൻ പ്രധാനമന്ത്രിയെയും ആർഎസ്എസിനേയും നേരിട്ടു. ആ സമയങ്ങളിൽ താൻ പൂർണമായും ഒറ്റയ്ക്കായിരുന്നു. അതിൽ താൻ അഭിമാനിക്കുന്നെന്നും രാഹുൽ പറഞ്ഞു. രാജ്യത്തിന്റെ ജീവരക്തമായി വർത്തിച്ച മൂല്യങ്ങളും ആദർശങ്ങളുമുള്ള പാർട്ടിയെ സേവിക്കാൻ അവസരം ലഭിച്ചത് ബഹുമതിയാണ്. രാജ്യത്തോടും തന്റെ സംഘടനയോടും നന്ദിയോടെയും സ്നേഹത്തോടെയും കടപ്പെട്ടിരിക്കുന്നു-രാഹുൽ കത്തിൽ പറഞ്ഞു.