കുവൈറ്റ്: എന്‍സിപിയില്‍ മന്ത്രിസ്ഥാനം വീതംവയ്ക്കുന്നതിനെ സ്ഥിരീകരിച്ചു തോമസ് ചാണ്ടി എംഎല്‍എ. പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ക്കുമായി മന്ത്രിസ്ഥാനം വീതംവച്ചു നല്‍കുമെന്ന് എന്‍പിസി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഉറപ്പ് നല്‍കിയിരുന്നതായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി കുവൈറ്റില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടു പറഞ്ഞു.
മന്ത്രിസ്ഥാനം രണ്ടര വര്‍ഷം കഴിയുമ്പോള്‍ തനിക്കുതന്നെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തിരുന്നു മികച്ച പേരെടുത്താലും മന്ത്രിസ്ഥാനം പങ്കിടണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കണം. അതനുസരിച്ചു രണ്ടര വര്‍ഷം കഴിഞ്ഞു മന്ത്രിസ്ഥാനത്തു നിന്നു മാറേണ്ടി വരും. പാര്‍ട്ടി തീരുമാനമനുസരിച്ചു രാജിവെച്ചാല്‍ മുഖ്യമന്ത്രിക്കു സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കുട്ടനാട് പാക്കേജ്, കുടിവെള്ള പദ്ധതി എന്നിവയ്ക്കു പുതുജീവന്‍ ലഭിച്ചതായും തോമസ് ചാണ്ടി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.