പ്ലസ്ടു വിദ്യാര്‍ഥിനിയുടെ തൂലികയില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍

EKM-PLUSTWOജെയിസ് വാട്ടപ്പിള്ളില്‍

മൂവാറ്റുപുഴ:  ഇംഗ്ലീഷില്‍ നോവലെഴുതി പ്ലസ്ടു വിദ്യാര്‍ഥിനി ശ്രദ്ധേയയാകുന്നു. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിലെ നീത ജോണാണു “’ത്രൂ ദ ഐസ് ഓഫ്  എ റിബല്‍’ എന്ന ഇംഗ്ലീഷ് നോവല്‍ എഴുതി സ്കൂളിലും നാട്ടിലും താരമാകുന്നത്. ജീവിതത്തില്‍ ഒന്നിനോടും പൊരുത്തപ്പെടാനാകാത്ത  ആജ മാത്യു എന്ന 14 കാരിയുടെ ജീവിതത്തിലുണ്ടാകുന്ന അന്തര്‍ സംഘര്‍ഷങ്ങളാണ് നോവലിന്റെ ഇതിവൃത്തം. കലാലയം, കുടുംബം, സമൂഹം തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാറ്റിനെയും  ഇതേ  മനോഭാവത്തില്‍ മാത്രമേ ഈ ബാലികയ്ക്ക് കാണാനാവുന്നുള്ളൂ.

ഒടുവില്‍ ഇതിനെല്ലാം സ്വയം ഉത്തരം കണെ്ടത്തുകയാണ് ആജ. സാഹചര്യങ്ങളെ ഒരിക്കലും മാറ്റാനാകില്ലെന്നും ഓരോ സാഹചര്യങ്ങളെയും സമീപിക്കുമ്പോഴുള്ള മനോഭാവത്തിനാണ് മാറ്റം വരുത്തേണ്ടതെന്നും നിര്‍ഭയത്തോടെ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കണമെന്നുമുള്ള സ്വയം കണെ്ടത്തലോടെയാണ് നോവല്‍ അവസാനിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണ് നോവല്‍ എഴുതുന്നതിനുള്ള ശ്രമം നീത ആരംഭിച്ചത്. രണ്ടു വര്‍ഷമെടുത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു മുണ്ടയ്ക്കലും അധ്യാപകരും സഹപാഠികളും പൂര്‍ണ പിന്തുണയും പ്രോല്‍സാഹനവും നല്‍കിയതോടെ തന്റെ ശ്രമം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും നീത പറഞ്ഞു.

13 അധ്യായങ്ങളില്‍ 208 പേജുകളിലായി തയാറാക്കിയിട്ടുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഡോ.ജോര്‍ജ് ഓണക്കൂറാണ്. ഡിസി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. നീതയുടെ സഹപാഠികൂടിയായ രോഹന്‍ പി.അനിലാണ് മനോഹരമായി കവര്‍ ഡിസൈനിംഗ് നടത്തിയിട്ടുള്ളത്.ചെറുകഥകളും കവിതകളും  ചെറുപ്പം മുതല്‍ നീത എഴുതുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ കവിതാ രചനയില്‍ മൂന്നാം സ്ഥാനവും കഥാരചനയില്‍ സോണല്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. മൂവാറ്റുപുഴയില്‍ ബിസിനസുകാരനായ ഈസ്റ്റ് മാറാടി മാളിയേക്കല്‍ ജോണ്‍ മാത്യുവിന്റെയും വീട്ടമ്മയായ രേഖ ജോണിന്റെയും രണ്ടാമത്തെ മകളാണ്.

ശ്വേത ജോണ്‍, സ്റ്റീവ് ജോണ്‍ എന്നിവരാണ്  സഹോദരങ്ങള്‍. പുസ്തകത്തിന്റെ പ്രകാശനം ഇന്നു രാവിലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു. സ്റ്റാഫ് പ്രതിനിധി സി.സി.സുബാഷ് പുസ്തകം പരിചയപ്പെടുത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു എം.മുണ്ടയ്ക്കല്‍, ഫാ.തോമസ് കൊട്ടാരത്തില്‍, ഫാ.ഫ്രാന്‍സിസ് മഠത്തിപറമ്പില്‍ സ്റ്റാഫ് പ്രതിനിധി ഷാലി പോള്‍, പിടിഎ പ്രസിഡന്റ് വര്‍ഗീസ് വാഴയില്‍, സ്കൂള്‍ ഹെഡ്‌ബോയി ജോണ്‍സ് വി.ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts