കാസര്‍ഗോഡ്: മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി ഭര്‍ത്താവിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു.
കൊല്ലം ജില്ലക്കാരിയും കാസര്‍ഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സില്‍ജോയുടെ ഭാര്യയുമായ പ്രമീളയെയാണ് കാണാതായത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 മുതല്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് 20 ന് രാവിലെ സില്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രമീള പോകാനിടയുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സില്‍ജോയുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭാര്യയെ താന്‍ തന്നെ കൊലപ്പെടുത്തിയതായും മൃതദേഹം തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയതായും സില്‍ജോ മൊഴി നല്‍കിയത്.എന്നാല്‍ സില്‍ജോയുടെ ഈ മൊഴിയും പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
മൂന്നാഴ്ച മുമ്പ് പുഴയില്‍ കെട്ടിത്താഴ്ത്തിയതാണെങ്കില് ഇത്രയും ദിവസത്തിനകം പുഴയിലോ ഏതെങ്കിലുമൊരു സമീപപ്രദേശത്തോ മൃതദേഹാവശിഷ്ടങ്ങളെങ്കിലും കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സില്‍ജോ മാനസികനില തെറ്റി പറയുന്നതോ കരുതിക്കൂട്ടി അന്വേഷണം വഴിതെറ്റിക്കാനായി പറയുന്നതോ ആകാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം കരുതുന്നു.
ഈ ദമ്പതികള്‍ തമ്മില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉള്ളതായി ഇതുവരെ ശ്രദ്ധയില്പെട്ടിരുന്നില്ലെന്ന് സമീപവാസികളും പറയുന്നു.