പെട്രോള്‍ പമ്പുകളിലെ സിസിടിവികളുടെ കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

knr-cameraaകോട്ടയം: പെട്രോള്‍ പമ്പുകളിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്കി. എരുമേലിയിലെ പെട്രോള്‍ പമ്പ് കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ പമ്പ് ഉടമകള്‍ക്കും പോലീസ് ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ മറയ്ക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്നതാണ് ഇതില്‍ പ്രധാനമായ ഒരു നിര്‍ദേശം.

പലപ്പോഴും രാത്രിയിലും മറ്റും പമ്പുകള്‍ക്ക് സമീപം ബസ് പാര്‍ക്കിംഗ് ഉണ്ടായിരിക്കും. ഇത് പലപ്പോഴും കാമറകള്‍ മറയ്ക്കുന്ന രീതിയിലാവരുത്. പമ്പും പരിസരവും പൂര്‍ണമായി സിസിടിവി കാമറയുടെ നിരീക്ഷണത്തിലാണ് എന്ന് ഉറപ്പുവരുത്തണം. ഒരു തരത്തിലുമുള്ള തടസം ഇക്കാര്യത്തില്‍ ഉണ്ടാവരുതെന്ന് ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ പോലീസിനെ അറിയിക്കാന്‍ വൈകരുത്. പല സംഭവങ്ങളും പോലീസിനെ അറിയിക്കാന്‍ വൈകുന്നതാണ് പ്രതികളെ പിടികൂടാന്‍ കാലതാമസം നേരിടുന്നത്.

അടിയന്തരമായി പോലീസിനെ അറിയിക്കാനുള്ള സംവിധാനം പമ്പുകളില്‍ ഏര്‍പ്പെടുത്തണം. കവര്‍ച്ച പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പ്രതീക്ഷിച്ചു വേണം രാത്രി കാലങ്ങളില്‍ ജീവനക്കാര്‍ പമ്പുകളില്‍ ഇരിക്കേണ്ടത്. സംശയകരമായ സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും വേണം.

Related posts