കോട്ടയം: പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പാഞ്ഞു പോകേണ്ടതില്ല എന്ന പുതിയ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശം പോലീസിന് ആശ്വാസമായി. പകരം നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പോലീസിന്റെ കംപ്യൂട്ടര്‍ സെല്ലിലേക്ക് അയച്ചാല്‍ മതി. പടം കംപ്യൂട്ടര്‍ സെല്ലില്‍ ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സന്ദേശം എത്തും.
വാഹന ഉടമയുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതോടെ വിളിച്ചുപറഞ്ഞ് ഫൈന്‍ അടപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. പോലീസിനിപ്പോള്‍ പണി എളുപ്പമായി എന്നാണ് പുതിയ സംവിധാനത്തെക്കുറിച്ച് പല എസ്ഐമാരും പ്രതികരിച്ചത്. നേരത്തേ നിര്‍ത്താതെ പോകുന്ന വാഹനത്തിനു പിന്നാലെ പാഞ്ഞുപോകുന്നത് സ്ഥിരം സംഭവമായിരുന്നു. പിന്നാലെ പോലീസുണ്ടെന്ന ധാരണയില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയിപ്പോള്‍ അതും ഉണ്ടാവില്ല.
വഴിയരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെയും ഫോട്ടോയെടുക്കും. പോലീസിന്റെ വിളി വരുമ്പോഴാണ് പലരും അനധികൃത പാര്‍ക്കിംഗിനെക്കുറിച്ച് ബോധവാന്മാരാകുന്നത്. ഒരിക്കല്‍ പിഴയടയ്ക്കേണ്ടി വരുന്ന വാഹനമുടമ പിന്നീട് ഈ നിയമ ലംഘനം നടത്തുകയില്ല. അതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയും.