കാഞ്ഞങ്ങാട്: കോടിക്കണക്കിനു രൂപ വിലവരുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്തു തുരുമ്പെടുത്തുനശിക്കുന്നു. കേസുകളിൽ പെടുന്ന വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാതെ ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന നിലയിൽ അട്ടിവച്ചു പരിഹാരം തേടുകയാണ് പോലീസ്. മണ്ണുമാന്തിയന്ത്രം മുതൽ മോട്ടോർ സൈക്കിൾ വരെയാണ് തൊണ്ടിമുതലുകൾ.
പലതിലും കേസുകൾ നടക്കുന്നുണ്ട്. കേസ് കഴിഞ്ഞിട്ടും ഉടമ തിരിച്ചെടുക്കാത്ത വാഹനങ്ങളും ഏറെ. വർഷങ്ങളായി വെയിലും മഴയും കൊണ്ടു ദ്രവിച്ച് ഉപയോഗശൂന്യമായിരിക്കയാണ് പല വാഹനങ്ങളും. നിർത്തിയിട്ട വാഹനങ്ങളുടെ പാർട്സുകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. അനധികൃതമായി മണ്ണ് കടത്തുമ്പോൾ പിടിയിലായ ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും മിനി സിവിൽ സ്റ്റേഷൻ വളപ്പിലും നശിച്ചുകൊണ്ടിരിക്കുന്നു.
സ്റ്റേഷൻ പരിസരത്തു വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാതെ വന്നപ്പോഴാണ് വലിയ വാഹനങ്ങൾക്കു മുകളിൽ ചെറുവാഹനങ്ങൾ സ്ഥലംപിടിച്ചത്. ഹൊസ്ദുർഗ് സ്റ്റേഷൻ പരിസരത്ത് ഗതാഗതതടസം സൃഷ്ടിക്കുന്ന വാഹനങ്ങൾ മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.</span>