കേരളതീരത്ത് മത്സ്യം കിട്ടാക്കനി; തീന്‍മേശയില്‍ തമിഴ്‌നാടിന്റെ ചാളയും ആന്ധ്രയുടെ തിലോപ്പിയും

EKM-FISHവൈപ്പിന്‍: കേരള തീരത്ത് മത്സ്യത്തിനു വറുതിയായതോടെ കേരളത്തിലെ മത്സ്യമാര്‍ക്കറ്റുകളും കേരളീയരുടെ തീന്‍മേശയും അന്യസംസ്ഥാന മത്സ്യങ്ങള്‍ കൈയ്യടക്കുന്നു. കേരളത്തില്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നതും. മത്സ്യലഭ്യത ഇല്ലാത്തതിനാല്‍ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍  കടലില്‍ പോകാതെ വന്നതുമാണ് അന്യസംസ്ഥാന മത്സ്യങ്ങള്‍ വ്യാപകമായി കേരള മാര്‍ക്കറ്റുകള്‍ കയ്യടക്കാന്‍ കാരണം.

തീരത്ത് മത്സ്യബന്ധനത്തിനു പോകുന്ന ചെറുവള്ളങ്ങള്‍ക്ക് ചില ദിവസങ്ങളില്‍  നിസാര പൊടിമീനും ചെറിയ ഐലയും ലഭിക്കുന്നുണ്ടെങ്കിലും ഇതിനു തീ വിലയാണ്.  ചാള, തിലോപ്പിയ, തുടങ്ങിയ മത്സ്യങ്ങളാണ് ധാരാളമായി ഇപ്പോള്‍ കേരള മാര്‍ക്കറ്റുകളിലെത്തുന്ന അന്യസംസ്ഥാന മത്സ്യങ്ങള്‍.  രാമേശ്വരം, കടലൂര്‍ ഭാഗങ്ങളില്‍ നിന്നാണ് ചാളയെത്തുന്നത്. തിലോപ്പിയയാകട്ടെ ആന്ധ്രപ്രദേശിലെ ഫിഷ് പോണ്ടുകളില്‍ വളര്‍ത്തുന്നവയാണ്.  മുനമ്പത്തും, കാളമുക്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഇന്‍സുലേറ്റഡ് വാഹനങ്ങളാണ് നിത്യവും മത്സ്യവുമായി എത്തുന്നത്.  ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ട് എത്തുന്ന മത്സ്യങ്ങള്‍ മിനിറ്റുകള്‍ക്കകം വിറ്റു പോകുകയാണ്.

ട്രോളിംഗ് നിരോധനത്തിനു മുമ്പ്  കിലോവിനു 50 രൂപക്ക് വരെ പ്രാദേശിക മാര്‍ക്കറ്റില്‍ വിറ്റിരുന്ന ചാള മത്സ്യക്ഷാമം വന്നതോടെ ഇപ്പോള്‍ 100 രൂപയായി ഉയര്‍ന്നിട്ടുണ്ട്. തിലോപ്പിയ കിലോ 120 രൂപയ്ക്കാണ് വില്‍ക്കുന്നത്. നാടന്‍ തിലോപ്പിയയില്‍ നിന്നും താരതമ്യേന രുചി കുറഞ്ഞ ആന്ധ്ര തിലോപ്പിയക്ക് അത്രക്ക് വലിയ ഡിമാന്റ് കേരളത്തില്‍ ഇല്ലെങ്കിലും ഇപ്പോള്‍ ഒരു മത്സ്യവും ലഭ്യമല്ലാത്തതിനാലാണ് ഡിമാന്റായത്. ചിലയിടത്ത് ഹോട്ടലുകളില്‍ ചെമ്പല്ലി ഫ്രൈ, ചെമ്പല്ലിക്കറി എന്ന പേരില്‍ നല്‍കുന്നത് തിലോപ്പിയയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

ഇക്കുറി ട്രോളിഗും നിരോധനത്തിനു മുന്നേ ബോട്ടുകള്‍ ഭൂരിഭാഗവും പണികള്‍ നിര്‍ത്തിവെച്ചതും, നിരോധനത്തെ തുടര്‍ന്ന് ശേഷിച്ച ബോട്ടുകള്‍ക്ക് അവസാന ദിനങ്ങളില്‍ മത്സ്യലഭ്യത ഇല്ലാതിരുന്നതും  ഇപ്പോഴത്തെ മത്സ്യക്ഷാമത്തിനു കാരണമായിട്ടുണ്ട്. അതല്ലെങ്കില്‍ അവസാന നാളുകളില്‍ എത്തുന്ന മത്സ്യം കച്ചവടക്കാര്‍ ഒരാഴ്ചവരെ സ്റ്റോക്ക് ചെയ്ത് വില്‍ക്കുക പതിവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

Related posts