ആലുവ: കടുത്ത വോൾട്ടേജ് ക്ഷാമമുള്ള മേഖലയിൽ ട്രാൻസ്ഫോമർ അനുവദിച്ചിട്ടും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സ്ഥാപിക്കാതെ കിടന്നത് 13 വർഷങ്ങൾ.
ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാംകുന്ന് കടേപ്പിള്ളി പ്രദേശത്താണ് ഇരിപ്പിടം കിട്ടാതെ ട്രാൻസ്ഫോമർ കാത്തുനിന്നത്.
2007ൽ വൈദ്യുതി ബോർഡ് 700 മീറ്റർ 11 കെവി ലൈൻ വലിച്ച് ഒരു 100 കെവി എ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ലൈൻ വലിച്ച് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചപ്പോൾ പരിസരവാസികൾ എതിർപ്പ് പ്രകടിപ്പിച്ചു.
കുറച്ച് കാലങ്ങൾക്ക് ശേഷം ഇവിടെനിന്ന് കുറച്ചുമാറി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഈ സ്ഥലത്തെ പരിസരവാസികൾ എതിർപ്പ് ഇവിടെയും പ്രകടിപ്പിച്ചു.
ഏകദേശം 200 ഓളം വീടുകളിൽ അതിരൂക്ഷമായ വോൾറ്റേജ് ക്ഷാമം അനുഭവപ്പെടുമ്പോഴാണ് അവർതന്നെ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനെതിരേ സമരത്തിലേർപ്പെട്ടത്.
കഴിഞ്ഞ മാസം രണ്ടാമത് നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറ്റി 220 മീറ്റർ 11 കെവി കേബിൾ വലിക്കാൻ തീരുമാനിച്ചത് ജനങ്ങൾ അംഗീകരിച്ചതോടെയാണ് പ്രശ്നപരിഹാരമായത്. വളമാലി തോപ്പിൽ എന്ന സ്ഥലത്താണ് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.