നെടുമ്പാശേരി: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യുഎഇയിലേക്ക് പോകുന്ന പ്രവാസികള്‍ക്കു പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ. നിബന്ധനകള്‍ കൃത്യമായി പാലിച്ചുവേണം യാത്രക്ക് ഒരുങ്ങേണ്ടതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
യുഎഇയില്‍നിന്നു തന്നെ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയ യുഎഇ താമസവീസ കൈവശമുള്ളവര്‍ക്ക് രാജ്യത്തിനു പുറത്തുപോയി മടങ്ങിവരാം. ഈ വിഭാഗക്കാർക്കാണ് പ്രധാനമായും അനുമതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
യുഎഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ക്യൂആര്‍ കോഡുള്ള കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലവും കൈവശം ഉണ്ടായിരിക്കണം. ഇത് അംഗീകൃത ലാബുകളില്‍നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിള്‍ കൊടുത്ത് പരിശോധിച്ചതായിരിക്കണം.
എയര്‍പോര്‍ട്ടില്‍നിന്ന് വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനകം നടത്തിയ റാപ്പിഡ് പിസിആര്‍ പരിശോധനാ ഫലവും കൈവശമുണ്ടായിരിക്കണം. യുഎഇയിലെത്തിയ ശേഷം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. യാത്ര പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും എയർ ഇന്ത്യ അറിയിപ്പിൽ വ്യക്തമാകുന്നു.
യുഎഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്നു വിമാന കമ്പനികളാണ് ഉറപ്പാക്കേണ്ടത്. പാലിക്കാത്തവരെ ഒരിക്കലും യാത്രയ്ക്ക് അനുവദിക്കരുതെന്നും യുഎഇ അധികൃതർ വിമാന കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് എയർ ഇന്ത്യ യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.