അഞ്ചല്‍: ബാംഗ്ലൂര്‍ വഴി ഗോവയിലേക്ക് അടിച്ചുപൊളിച്ചൊരു ട്രിപ്പ്. ഒരാഴ്ചയ്ക്കുശേഷം നാട്ടില്‍ തിരിച്ചെത്തണം. ഇതായിരുന്നു അഞ്ചല്‍ ഏരൂരില്‍ നിന്നും നാടുവിട്ട അഞ്ചുവിദ്യാര്‍ഥികളുടെ ലക്ഷ്യം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സൗത്ത് ഗോവയിലെ മര്‍ഗാവോ ബീച്ചില്‍ നിന്നും ഗോവന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ഇവരെ ഗോവയിലെ ഒരു ജുവനൈല്‍ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞ് ബാംഗ്ലൂരിലുണ്ടായിരുന്ന ഏരൂര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സതീഷും, പിസി റജിവീറും ഇന്ന് പുലര്‍ച്ചെയോടെ ഗോവയിലെത്തിയിട്ടുണ്ട്. ഇവരുടെ രക്ഷകര്‍ത്താക്കളും ഇപ്പോള്‍ ഗോവയില്‍ ക്യാമ്പ് ചെയ്യുകയാണ്.
ഏരൂര്‍ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അഞ്ചംഗസംഘമാണ് ശനിയാഴ്ച രാവിലെ ഏരൂരിലെ ട്യൂഷന്‍ സെന്ററില്‍ പോകുന്നതിനുവേണ്ടി വീടുവിട്ടിറങ്ങിയശേഷം നാടുവിട്ടത്. നാടുവിട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും ഞായറാഴ്ച രാവിലെ സഹപാഠികളിലൊരാളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏരൂര്‍ പോലീസും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ബാംഗ്ലൂരിലേക്ക് തിരിച്ചത്. നാടുവിട്ട വിദ്യാര്‍ഥികളെ സംബന്ധിച്ച് മറ്റ് അധ്യാപകരും രക്ഷകര്‍ത്താക്കളും നടത്തിയ അന്വേഷണത്തില്‍ ഇവര്‍ രണ്ടാഴ്ച മുമ്പ് ഗോവയിലേക്ക് പോകുന്നതിനായി പദ്ധതിയിട്ടിരുന്നെന്ന് ബോധ്യപ്പെട്ടു. ഒരു വിദ്യാര്‍ഥി ഒന്നരലക്ഷവും, മറ്റൊരാള്‍ 13,000 രൂപയും ടൂറിനായി കരുതിയിരുന്നു. വീട്ടുകാര്‍ അറിയാതെയാണ് ഇവര്‍ പണം കൈക്കലാക്കിയത്. ഗോവന്‍ ട്രിപ്പിന്റെ സാധ്യത സംബന്ധിച്ചുയര്‍ന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കായുള്ള അന്വേഷണം അവിടേക്ക് തിരിച്ചുവിടാന്‍ പോലീസിനും രക്ഷകര്‍ത്താക്കള്‍ക്കുമായി.
ഏരൂര്‍ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ ചില സുഹൃത്തുക്കള്‍ ഗോവന്‍ മലയാളി അസോസിയേഷനിലുണ്ടായിരുന്നു. നാടുവിട്ട വിദ്യാര്‍ഥികളുടെ ഫോട്ടോയും വിവരങ്ങളും വാട്‌സ് ആപ് വഴി ഹെഡ്മാറ്റര്‍ ഇവര്‍ക്ക് കൈമാറി. കൂടാതെ രക്ഷകര്‍ത്താക്കളില്‍ ചിലരും ഗോവയിലെ സുഹൃത്ത് ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനായി ശ്രമം നടത്തി. വിദ്യാര്‍ഥികളെ കാണാനില്ലെന്ന രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് ഏരൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചിരുന്നു.
സൈബര്‍ സെല്ലിന്റേയും ബാംഗ്ലൂര്‍ പോലീസിന്റെ സഹായത്താല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികളെ ഗോവയില്‍ നിന്നും കണ്ടെത്തിയ വിവരം ഇവര്‍ അറിഞ്ഞത്. രാത്രി ഏഴോടെ ഏരൂര്‍ പോലീസിലെ ഉദ്യോഗസ്ഥരും ബാംഗ്ലൂരില്‍ നിന്നും ഗോവയിലേക്ക് പുറപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളെ കണ്ടെത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ മറ്റ് ബന്ധുക്കള്‍ക്കും ട്യൂഷന്‍ സെന്ററിലെ അധ്യാപകര്‍ക്കും ഏറെ ആശ്വാസമായിരിക്കുകയാണ്. ഇന്നുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തദിവസംതന്നെ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനാണ് ഇപ്പോള്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കുന്നത്.