തിരുവനന്തപുരം: കേരളത്തിൽനിന്ന് ആധുനിക കൃഷി രീതി പഠിക്കാനായി ഇസ്രയേലിലെത്തിയ സംഘത്തിൽനിന്ന് കാണാതായ ബിജു കുര്യനെ സഹായിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി.
ഇസ്രയേലിൽ ആരെങ്കിലും ബിജു കുര്യനെ സഹായിക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും ബിജു ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല.
അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നൽകേണ്ടി വരുമെന്ന് എംബസി മുന്നറിയിപ്പ് നൽകി.വിസ കാലാവധി മേയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് പോയാൽ ഇസ്രയേലിൽ നിയമനടപടികൾ നേരിടേണ്ടി വരില്ലെന്നും വിസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടുമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനു പോയ സംഘത്തിൽ ഉണ്ടായിരുന്ന ബിജു കുര്യനെ 17ന് രാത്രിയിലാണ് കാണാതായത്.
ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു.
10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള 50 വയസ് പൂർത്തിയാകാത്ത കർഷകരിൽനിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്.