ചെറുതുരുത്തി: ഏതെങ്കിലും തരത്തില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ മരണംവരെ സമരം ചെയ്യുമെന്നു സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. സൗമ്യ കൊല്ലപ്പെട്ടതിനു തെളിവുകളില്ലെന്നു എന്തടിസ്ഥാനത്തിലാണു പറയുന്നതെന്നു മനസിലാകുന്നില്ല. ഗോവിന്ദച്ചാമിയെ തൃശൂര്‍ അതിവേഗ കോടതി ശിക്ഷിച്ചത് എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഗോവിന്ദച്ചാമി ജയിലിനു പുറത്തിറങ്ങിയാല്‍ അതു കേരളത്തില്‍ ഒരു പെണ്‍കുട്ടിയ്ക്കും നീതി കിട്ടില്ലെന്ന സന്ദേശമാണു നല്‍കുക.
സുപ്രീം കോടതിയില്‍ സൗമ്യ കൊലക്കേസിന്റെ വാദം നടക്കുന്ന വിവരം തന്നെ ബന്ധപ്പെട്ടവര്‍ അറിയിച്ചില്ലെന്നു സുമതി പറഞ്ഞു. പാലക്കാട് ജില്ലയിലെ കവളപ്പാറയിലാണ് സുമതിയിപ്പോള്‍ കഴിയുന്നത്. സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതാണോ അതോ സ്വയം ചാടിയതാണോ എന്നായിരുന്നു കോടതി ഇന്നലെ ചോദിച്ചത്. സൗമ്യ കൊലക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു ഇന്നലെ. ഗൗരവമുള്ള കേസായിരുന്നിട്ടും അതു നടത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണു സുപ്രീംകോടതിയില്‍ വാദം നടക്കുന്ന വിവരം അറിയുന്നതെന്നും സുമതി പറഞ്ഞു.