കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് 70 രൂപയുടെ വര്‍ധനയാണ് ഇറച്ചിക്ക് ഉണ്ടായിട്ടുള്ളത്. ഇന്നലെ ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 210 രൂപയും ലഗോണിന് 190 രൂപയുമായിരുന്നു വില. ഈ നിലയില്‍ പോയാല്‍ റമദാന് സമയമാകുമ്പോഴേക്കും കോഴിയിറച്ചി വില 300 കടക്കുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 140 രൂപയായിരുന്നു ബ്രോയിലറിനും ലഗോണിനും ഇറച്ചിവില. സ്റ്റോക്ക് ഇല്ലെന്ന കാരണം പറഞ്ഞാണ് വില വര്‍ധിപ്പിക്കുന്നത്. കേരളത്തില്‍ ചിക്കന്‍ ഫാമുകള്‍ കുറവായതനാല്‍ തമിഴ്നാട്ടിലെ ഫാമുകളാണ് വില നിശ്ചയിക്കുന്നത്. കൃത്രിമ ക്ഷാമമാണ് ഇപ്പോള്‍ ഇറച്ചിക്കെന്നാണ് കേരളത്തിലെ കച്ചവടക്കാര്‍ പറയുന്നത്. തമിഴനാട് ഫാമുകളാണ് കോഴി ഇവിടെ എത്തിക്കുന്നത്. തമിഴ്നാട് കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലും ഫാമുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസമായി കോഴികളുടെ വരവ് കുറവാണ്. ഇത് വിലകൂട്ടാന്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് സംസ്ഥാനത്തെ കച്ചവടക്കാര്‍ പറയുന്നു.
സാധാരണ കോഴിമുട്ടയ്ക്ക് വില കൂടുന്ന ക്രിസ്മസ്-പുതുവര്‍ഷവുമായി ബന്ധപ്പെട്ട ഡിസംബറിലാണ് ലഗോണ്‍ കോഴിക്ക് വിലകൂടാറുള്ളത്. ഇത്തവണ ഡിസംബറില്‍ അത് 160 രൂപ വരെ മാത്രമേ ഉയര്ന്നിരുന്നുള്ളു. തമിഴനാട് ലോബിയാണ് ചിക്കന്‍ വില നിര്‍ണയിക്കുന്നത്. മല്‍സ്യലഭ്യത കുറഞ്ഞതും കോഴിയിറച്ചിക്ക് വില കൂടാന്‍ കാരണമായതായി വ്യാപാരികള്‍ പയുന്നു. കോഴിവ്യാപാരി സംഘടനകള്‍ അതത് ദിവസത്തെ വില തങ്ങളുടെ അംഗങ്ങളെ അറിയിച്ചാണ് വില ഈടാക്കുന്നത്. വില കൂടിയതോടെ ചിക്കന്‍ വില്പനയില് ഇടവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂണിലാണ് സംസ്ഥാനത്ത് കോഴിവില റിക്കാർഡില്‍ എത്തിയത്. അന്ന് ബ്രോയിലര്‍ ഇറച്ചിക്ക് 240 മുതല്‍ 260 രൂപവരെ ഉയര്‍ന്നിരുന്നു. അതേസാഹചര്യമാണ് ഇപ്പോഴും ഉയര്‍ന്നുവരുന്നതെന്നു ചിക്കന്‍ വ്യാപാരികള്‍ പറയുന്നു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കുന്നതിനു നടപടിയെടുക്കണമെന്ന്് ചിക്കാന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫിറോസ് പൊക്കുന്ന് ആവശ്യപ്പെട്ടു.